റിയാദ്- സൗദിയില്‍ നാഷണല്‍ അഡ്രസിലേക്കല്ലാതെ തപാല്‍ ഉരുപ്പടികളോ ഏതെങ്കിലും തരത്തിലുള്ള ലോജിസ്റ്റിക് പാര്‍സലുകളോ എത്തിച്ചു നല്‍കുന്നത് 5000 വരെ പിഴ ചുമത്താവുന്ന നിയമലംഘനമാണെന്ന് ജനറല്‍ അതോറിറ്റി ഫോര്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി, തപാല്‍ സര്‍വീസ് സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പു നല്‍കി. ഉപഭോക്താവിന്റെ അഡ്രസായി താമസ യൂണിറ്റിന്റെ നമ്പറും ഏരിയ കോഡും പോസ്റ്റല്‍ ബ്രാഞ്ച് കോഡും ഡിപ്പാര്‍ട്ടുമെന്റ് കോഡും ഉള്‍പെടുന്ന നാല് അക്ഷരങ്ങളും നാല് അക്കങ്ങളുമാണ് ഉണ്ടായിരിക്കേണ്ടത്. ഉപഭോക്താക്കള്‍ക്ക്് സുതാര്യമായും സുരക്ഷിതമായും തങ്ങളുടെ സാധനങ്ങള്‍ എത്തുന്നുവെന്ന് ഉറപ്പു വരുത്തുന്നതിനും മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിനും വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും പ്രത്യേകം നാഷണല്‍ അഡ്രസ് ഉണ്ടായിരിക്കണം. നാഷണല്‍ അഡ്രസ് സേവനം തീര്‍ത്തും സൗജന്യമാണ്. സൗദിയിലെ ഒരു മീറ്റര്‍ സ്ഥലത്തിനുപോലും പ്രത്യേകം അഡ്രസ് ലഭ്യമാകുന്ന രീതിയില്‍ സൗദി പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റാണ് നാഷണല്‍ അഡ്രസ് രൂപകല്‍പന ചെയ്തിട്ടുള്ളത്. സൗദിയില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ക്കെല്ലാം ഉപഭോക്താവിന്റെ നാഷണല്‍ അഡ്രസ് നിര്‍ബന്ധമാക്കി തുടങ്ങിയിട്ടുണ്ട്.