മലപ്പുറം- കിഴിശേരിയില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ ബീഹാര്‍ സ്വദേശി രാജേഷ് മാഞ്ചി (36) കൊല്ലപ്പെട്ട സംഭവത്തില്‍ കൊണ്ടോട്ടി പോലീസ് എട്ട് പേരെ അറസ്റ്റ് ചെയ്തു. രാജേഷ് മാഞ്ചി മോഷണത്തിനെത്തിയപ്പോള്‍ മര്‍ദിച്ചതാണെന്ന് അറസ്റ്റിലായ വീട്ടുടമസ്ഥനും സഹോദരങ്ങളും സുഹൃത്തുക്കളും മൊഴി നല്‍കിയിരുന്നു. കൈ പിന്നില്‍കെട്ടി രണ്ട് മണിക്കൂറോളം മര്‍ദിച്ചെന്ന് പ്രതികള്‍ പറഞ്ഞു. വെള്ളിയാഴ്ച രാത്രി രാജേഷ് മോഷ്ടിക്കാന്‍ വീടിന്റെ മുകള്‍നിലയില്‍ കയറിയപ്പോള്‍ വീണ് മരിച്ചെന്നാണ് ഇവര്‍ ആദ്യം നല്‍കിയ വിവരം. എന്നാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ ദേഹമാസകലം പരിക്കേറ്റതായി കണ്ടെത്തി. ശരീരത്തില്‍ ഒട്ടേറെ ഒടിവുകളും പരുക്കുകളും ഉണ്ട്. ഇത് ക്രൂരമായ മര്‍ദനമായിരുന്നുവെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതേതുടര്‍ന്ന് കസ്റ്റഡിയിലെടുത്തവരെ വീണ്ടു ചോദ്യം ചെയ്തപ്പോഴാണ് മര്‍ദ്ദിച്ച കാര്യം അവര്‍ സമ്മതിച്ചത്. ആയുധവും വടിയും ഉപയോഗിച്ചാണ് മര്‍ദ്ദിച്ചതെന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞു.