കോഴിക്കോട് - കര്‍ണ്ണാടകത്തില്‍ സി പി എം സ്ഥാനാര്‍ത്ഥിയുടെ ദയനീയ പരാജയത്തെ പരിഹസിച്ച് നടനും എഴുത്തുകാരനുമായ ജോയ്മാത്യു. നോട്ടയ്ക്ക് കിട്ടിയതിനേക്കാള്‍ കുറവ് വോട്ടാണ് കമ്മികള്‍ക്ക് കിട്ടിയത് എന്നറിഞ്ഞപ്പോള്‍ തന്റെ ഉള്ളം ഒന്നു തണുത്തുവെന്ന് ജോയ് മാത്യൂ ഫെയ്‌സ് ബുക്ക് കുറിപ്പില്‍ പറഞ്ഞു.
ഫെയ്‌സ് ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം
ഞാനൊരു കോണ്‍ഗ്രസ്സുകാരനല്ല. എങ്കിലും കര്‍ണാടകയിലെ കോണ്‍ഗ്രസ്സിന്റെ വിജയം അത് മതനിരപേക്ഷയില്‍ വിശ്വസിക്കുന്ന ജനാധിപത്യ വിശ്വാസികള്‍ക്ക് ഏറെ പ്രതീക്ഷകള്‍ നല്‍കുന്നു എന്നതാണ്. വ്യക്തിപരമായി എനിക്ക് ഏറെ ഹരം കിട്ടിയത് വ്യാജ കമ്മ്യൂണിസ്റ്റുകളുടെ കര്‍ണ്ണാടക ബലിയാണ്. സിനിമാ എഴുത്തുകാരുടെ സംഘടനയുടെ ജനാധിപത്യ യുദ്ധത്തില്‍ പൊരുതി തോറ്റെങ്കിലും നാല്‍പ്പത് ശതമാനം വോട്ട് എനിക്ക് നേടാനായി. അതിന് ഊച്ചാളി ഷാജിമാരുടെയും വാഴക്കുല മോഷ്ടാക്കളുടെയും പാര്‍ട്ടി എന്നെ കൂക്കിവിളിച്ചു ;കുരിശേറ്റി . എന്നാല്‍ കര്‍ണാടകത്തില്‍ നോട്ടക്ക് -അതായത് ആരെയും വേണ്ടാത്തവര്‍ക്ക്- കിട്ടിയതിനേക്കാള്‍ കുറവാണ് കമ്മികള്‍ക്ക് കിട്ടിയത് എന്നറിഞ്ഞപ്പോഴാണ് എന്റെ ഉള്ളം ഒന്ന് തണുത്തത്.
അതായത് കന്നഡക്കാരനും വ്യാജനെ വേണ്ടത്രേ. കോണ്‍ഗ്രസ്സ് തറപറ്റിച്ചത് രണ്ട് ഫാസിസ്റ്റു പാര്‍ട്ടികളെയാണ്. ഒന്ന് കഷ്ടിച്ചു പിടിച്ചു നില്‍ക്കുന്നുണ്ട്. മറ്റവന്‍ അടപടലം ഇല്ലാതായി. ആനന്ദലബ്ധിക്കിനിയെന്തുവേണ്ടൂ?