ലണ്ടന്‍- കോഹിനൂര്‍ രത്‌നവും യു. കെയിലെ മ്യൂസിയങ്ങളിലെ ഇന്ത്യന്‍ വിഗ്രഹങ്ങളും ശില്‍പങ്ങളും ഉള്‍പ്പെടെയുള്ള പുരാവസ്തുക്കള്‍ തിരികെയെത്തിക്കാന്‍ കാംപയ്‌നുമായി ഇന്ത്യ രംഗത്തെത്തുമെന്ന് ദി ഡെയ്‌ലി ടെലഗ്രാഫ്. ആവശ്യം ഇന്ത്യ് ശക്തമാക്കുന്നതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര, വ്യാപാര ചര്‍ച്ചകളിലേക്ക് പ്രശ്‌നം വ്യാപിക്കാനിടയുണ്ടെന്നും ദി ഡെയ്‌ലി ടെലഗ്രാഫിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. നരേന്ദ്ര മോദി സര്‍ക്കാറിന്റെ പ്രധാന ആവശ്യങ്ങളിലൊന്നായിരിക്കും കാംപയ്‌നെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
ഇന്ത്യയ്ക്ക് പുറത്തേക്ക് കടത്തിക്കൊണ്ടുപോയ വസ്തുക്കള്‍ വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ക്ക് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയാണ് നേതൃത്വം നല്‍കുന്നത്. പുരാവസ്തുക്കള്‍ കൈവശം വെച്ചിരിക്കുന്ന സ്ഥാപനങ്ങളോട് ഔപചാരികമായ അഭ്യര്‍ഥനകള്‍ നടത്താന്‍ ന്യൂദല്‍ഹിയിലെ ഉദ്യോഗസ്ഥര്‍ ലണ്ടനിലെ നയതന്ത്രജ്ഞരുമായി ബന്ധപ്പെടുന്നുണ്ടെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
യുദ്ധക്കൊള്ള' എന്ന നിലയിലോ കൊളോണിയല്‍ ഭരണകാലത്ത് ശേഖരിച്ചതെന്ന നിലയിലോ ഇന്ത്യന്‍ പുരാവസ്തുക്കള്‍ സ്വമേധയാ കൈമാറാന്‍ കൂടുതല്‍ സന്നദ്ധത കാണിക്കുന്ന ചെറിയ മ്യൂസിയങ്ങളും സ്വകാര്യ കളക്ടര്‍മാരുമാണ് കാംപയിനിന്റെ ആദ്യ ലക്ഷ്യം. തുടര്‍ന്ന് വലിയ സ്ഥാപനങ്ങളിലേക്കും രാജകീയ ശേഖരങ്ങളിലേക്കും ഇത് വ്യാപിപ്പിക്കും.
കഴിഞ്ഞ ആഴ്ച നടന്ന ചാള്‍സ് രാജാവിന്റെ കിരീടധാരണത്തിന്റെ ഭാഗമായ കാമില രാജ്ഞിയുടെ അധികാരമേറല്‍ ചടങ്ങില്‍ ഉപയോഗിച്ച കിരീടത്തില്‍ നിന്നും കോഹിനൂര്‍ മാറ്റി മറ്റു വജ്രങ്ങള്‍ വെച്ച് നയതന്ത്രപരമായ തര്‍ക്കം ബ്രിട്ടന്‍ ഒഴിവാക്കിയിരുന്നു. 105 കാരറ്റ് വജ്രം മഹാരാജ രഞ്ജിത് സിംഗിന്റെ ട്രഷറിയില്‍ നിന്ന് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കൈകളില്‍ എത്തുന്നതിന് മുമ്പ് ഇന്ത്യയിലെ ഭരണാധികാരികള്‍ കൈവശം വച്ചിരുന്നു. പഞ്ചാബ് പിടിച്ചടക്കിയതിനെ തുടര്‍ന്നാണ് വിക്ടോറിയ രാജ്ഞിക്ക് സമ്മാനിച്ചത്.
ബ്രിട്ടീഷ് മ്യൂസിയത്തിലെ ഹിന്ദു പ്രതിമകളും ബുദ്ധ സ്തൂപത്തില്‍ നിന്ന് സിവില്‍ ഉദ്യോഗസ്ഥനായ സര്‍ വാള്‍ട്ടര്‍ എലിയട്ട് എടുത്ത അമരാവതി മാര്‍ബിളുകളും ക്ലെയിമുകള്‍ നേരിടേണ്ടി വരും. കൂടാതെ വിക്ടോറിയ ആന്‍ഡ് ആല്‍ബര്‍ട്ട് മ്യൂസിയത്തിന്റെ ഇന്ത്യന്‍ ശേഖരവും ക്ലെയിമുകള്‍ക്ക് വിധേയമായേക്കാം.
ഇന്ത്യന്‍ പുരാവസ്തുക്കള്‍ വീണ്ടെടുക്കാനുള്ള ഈ നീക്കത്തെ രാജ്യത്തിന്റെ കൊളോണിയല്‍ ഭൂതകാലവുമായുള്ള ഒരു 'കണക്കെടുപ്പ്' ആയി പത്രം വിവരിക്കുന്നു. പുരാതന വസ്തുക്കള്‍ തിരികെ നല്‍കുന്നത് ഇന്ത്യയുടെ നയരൂപീകരണത്തിന്റെ പ്രധാന ഭാഗമാകുമെന്ന്
ഇന്ത്യന്‍ സാംസ്‌കാരിക മന്ത്രാലയം സെക്രട്ടറി ഗോവിന്ദ് മോഹന്‍ പറഞ്ഞു.
സ്‌കോട്ടിഷ് നഗരത്തിലെ മ്യൂസിയങ്ങള്‍ നടത്തുന്ന ചാരിറ്റബിള്‍ ഓര്‍ഗനൈസേഷനായ ഗ്ലാസ്ഗോ ലൈഫ് മോഷ്ടിക്കപ്പെട്ട ഏഴ് പുരാവസ്തുക്കള്‍ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാന്‍ ഇന്ത്യന്‍ സര്‍ക്കാരുമായി കരാറില്‍ കഴിഞ്ഞ വര്‍ഷം കരാര്‍ ഒപ്പുവച്ചിരുന്നു. ഈ വസ്തുക്കളില്‍ ഭൂരിഭാഗവും 19-ാം നൂറ്റാണ്ടില്‍ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ക്ഷേത്രങ്ങളില്‍ നിന്നും ആരാധനാലയങ്ങളില്‍ നിന്നും നീക്കം ചെയ്യപ്പെട്ടവയാണ്. അതേസമയം ഒരെണ്ണം ഉടമയില്‍ നിന്ന് മോഷണം പോയതിനെ തുടര്‍ന്ന് വാങ്ങിയതുമാണ്.