ന്യൂദൽഹി- ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിൽ പഞ്ചാബ് കിംഗ്‌സിന് 31 റൺസിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത് ഏഴു വിക്കറ്റിന് 167 റൺസ് നേടിയ പഞ്ചാബിനെ പിന്തുടർന്ന ദൽഹി ക്യാപിറ്റൽസിന് എട്ടുവിക്കറ്റ് നഷ്ടത്തിൽ 136 റൺസ് മാത്രമേ നേടാനായുള്ളൂ. പഞ്ചാബിന് വേണ്ടി പ്രഭിസ്മാരൻ സിംഗ് നേടിയ സെഞ്ചുറി ടീമിന് കരുത്തായി. 65 പന്തിൽ പത്തു ഫോറും ആറു സിക്‌സുമായി പ്രഭിസ്മാരൻ തകർത്താടി. പത്തൊൻപതാമത്തെ ഓവറിൽ മുകേഷ് കുമാറിന്റെ പന്തിലാണ് മാരൻ പുറത്തായത്. സാം കരൺ 24 പന്തിൽ 20 റൺസ് നേടി. സിക്കന്തർ റാസ ഏഴു പന്തിൽ 11 റൺസ് നേടി പുറത്താകാതെ നിന്നു. പഞ്ചാബ് നിരയിൽ മറ്റൊരാൾക്കും രണ്ടക്കം കടക്കാനായില്ല. എക്‌സ്ട്രാ വഴി 13 റൺസും ലഭിച്ചു. നായകൻ ശിഖർ ധവാൻ അഞ്ചു പന്തിൽ ഏഴ് റൺസ് നേടി ഇശാന്ത് ശർമയുടെ പന്തിൽ പുറത്തായി. ഇശാന്ത് ശർമ രണ്ടു വിക്കറ്റ് നേടി.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ ദൽഹിക്ക് വേണ്ടി ഡേവിഡ് വാർണർ 27 പന്തിൽ 54 റൺസ് അടിച്ചെടുത്തു. ഒൻപതാമത്തെ ഓവറിൽ ഹർപ്രീത് ബൗർ വാർണറിനെ വിക്കറ്റിന് മുന്നിൽ കുടുക്കിയത്. ഫിൽ സാൽട്ട് 17 പന്തിൽ 21 റൺസും നേടി. അമൻ ഹക്കീം ഖാൻ 16, പ്രവീൺ ദുബെ 16, കുൽദീപ് യാദവ് 10 റൺസും നേടി. ഹർപ്രീത് ബ്രാർ നാലും രാഹുൽ ചഹാർ രണ്ടും വിക്കറ്റ് നേടി.