ലണ്ടൻ- ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്‌ബോളിൽ ചെൽസിക്ക് നോട്ടിംഗ്ഹാം ഫോറസ്റ്റിനോട് സമനില. മറ്റൊരു മത്സരത്തിൽ ന്യൂകാസിൽ യുനൈറ്റഡിന് സമനില. ലീഡ്‌സ് യുനൈറ്റഡുമായി രണ്ടു ഗോൾ സമനിലയാണ് ന്യൂകാസിൽ വഴങ്ങിയത്. മത്സരത്തിന്റെ ഏഴാം മിനിറ്റിൽ ലൂക്കെ ഐലിംഗ് ലീഡ്‌സിന് ലീഡ് നൽകി. ഇരുപത്തിയെട്ടാമത്തെ മിനിറ്റിൽ ലീഡ്‌സിന് അനുകൂലമായി ലഭിച്ച പെനാൽറ്റി പാട്രിക് ബാംഫോർഡ് പാഴാക്കി. മൂന്നു മിനിറ്റിന് ശേഷം ലഭിച്ച പെനാൽറ്റി ന്യൂ കാസിലിന്റെ കാലും വിൽസൻ ഗോളാക്കി. 69-ാം മിനിറ്റിൽ ലഭിച്ച മറ്റൊരു പെനാൽറ്റിയും വിൽസൺ ഗോളാക്കി. എന്നാൽ പത്തു മിനിറ്റിന് ശേഷം റസ്മുസ് ക്രിസ്റ്റൻസൺ നേടിയ ഗോളിലൂടെ ലീഡ്‌സ് സമനില സ്വന്തമാക്കി.
ചെൽസി- നോട്ടിംഗ്ഹാം ഫോറസ്റ്റ് എഫ്.സി മത്സരവും സമനിലയിൽ പിരിഞ്ഞു. നോട്ടിംഗ്ഹാം ആയിരുന്നു ആദ്യ ലീഡ് നേടിയത്. പതിമൂന്നാമത്തെ മിനിറ്റിൽ ടൈവോ അവോനിയിലൂടെ. എന്നാൽ റഹീം സ്‌റ്റെർലിംഗ് 51, 58 മിനിറ്റുകളിൽ ഗോൾ നേടി ചെൽസിയെ മുന്നിലെത്തിച്ചു. നാലു മിനിറ്റിന് ശേഷം ടൈവോ ഒരു ഗോൾ കൂടി നേടി നോട്ടിംഗ്ഹാമിന് സമനില സമ്മാനിച്ചു. മാഞ്ചസ്റ്റർ യുനൈറ്റഡ് ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് വോൾവറാംപ്തൺ വാണ്ടേഴ്‌സിെ തോൽപ്പിച്ചു. അന്റണി മാർഷൽ, അലക്‌സാണ്ട്രോ ഗർണാച്ചോ എന്നിവരാണ് യുനൈറ്റഡിന് വേണ്ടി ഗോൾ നേടിയത്. ക്രിസ്ത്യൻ പാലസ്, എഫ്.സി ഫുൾഹാം എന്നീ ടീമുകൾ രണ്ടു ഗോളുകൾക്ക് ജയിച്ചു. എ.എഫ്.സി ബേൺമൗത്ത്, സൗത്താംപ്്ടൺ എന്നീ ടീമുകളായിരുന്നു യഥാക്രമം എതിരാളികൾ.