Sorry, you need to enable JavaScript to visit this website.

ഗണേഷ് കുമാറിന്റെ ഗുണ്ടാ ഭീഷണി ഉണ്ടായിട്ടും 'അമ്മ' ഇടപ്പെട്ടില്ല; നടന്‍ തിലകന്റെ കത്ത് പുറത്ത്

തിരുവനന്തപുരം- സിനിമാ താരങ്ങളുടെ സംഘനയായ 'അമ്മ'യുടെ നിലപാടുകളെ വിമര്‍ശിച്ചും തനിക്കുണ്ടായ ദുരനുഭവങ്ങള്‍ വിശദീകരിച്ചും നടന്‍ തിലകന്‍ എഴുതിയ കത്ത് പുറത്ത്. താരസംഘടനയുടെ ജനറല്‍ സെക്രട്ടറിയായിരുന്ന മോഹന്‍ലാലിന് 2010 മാര്‍ച്ച് 23-ന് എഴുതിയ കത്ത് തിലകന്റെ മകള്‍ സോണിയയാണ് പുറത്തു വിട്ടത്. എംഎല്‍എ കൂടിയായ നടന്‍ കെ.ബി ഗണേഷ്‌കുമാറിന്റെ ഗുണ്ടകള്‍ തന്നെ ഭീഷണിപ്പെടുത്തിയിട്ടും മൊബൈല്‍ ഫോണില്‍ വധഭീഷണി നടത്തിയിട്ടും അമ്മ ഭാരവാഹികള്‍ അറിഞ്ഞ ഭാവം നടിച്ചില്ലെന്ന് തിലകന്‍ കത്തില്‍ ആരോപിക്കുന്നു.

സൂപ്പര്‍ താരങ്ങളേയും ഫാന്‍സ് അസോസിയേഷനുകളേയും വിമര്‍ശിക്കുമ്പോള്‍ ക്രുദ്ധരാകുന്ന അമ്മ ഭാരവാഹികള്‍, അംഗങ്ങളുടെ അവകാശങ്ങള്‍ ചവിട്ടിമെതിക്കുമ്പോഴും അവഗണിക്കപ്പെടുമ്പോഴും നിശബ്ദത പാലിക്കുന്നത് ന്യായീകരിക്കാനാവില്ല. തന്റെ പ്രസ്താവനകള്‍ മൂലം ആര്‍ക്കെങ്കിലും അപമാനമുണ്ടായെന്നും ബോധ്യപ്പെടുത്തിയാല്‍ ഖേദം പ്രകടിപ്പിക്കാന്‍ സന്നദ്ധനാണ്. സംഘടനയുടെ പോക്ക് ശരിയല്ലെന്നും ഇങ്ങനെ പോയാല്‍ അമ്മ കോടാലി സംഘടനയായി മാറുമെന്നും കത്തില്‍ തിലകന്‍ പറയുന്നു.

ഖേദം പ്രകടിപ്പിക്കാന്‍ അച്ഛന്‍ തയാറായിട്ടും അമ്മ ഭാരവാഹികളുടെ മനസ്സ് അലിഞ്ഞില്ലെന്ന് സോണിയ പറഞ്ഞു. നടിയെ ആക്രമിച്ച കേസിലുള്‍പ്പെട്ട ദിലീപിനെ തിരിച്ചെടുത്ത അമ്മ തിലകന്റെ കാര്യത്തില്‍ ഇരട്ടത്താപ്പാണ് കാണിച്ചതെന്നും അവര്‍ ചൂണ്ടിക്കാട്ടി. 'അമ്മ' എന്നെഴുതിയ ഫയലില്‍ തിലകന്‍ കത്തിന്റെ അഞ്ചു കോപ്പികള്‍ സൂക്ഷിച്ചിരുന്നു. 12 പേജുള്ള ഈ കത്താണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. അമ്മയുമായി ബന്ധപ്പെട്ട മറ്റു കടലാസുകളും ഈ ഫയലിലുണ്ട്. ഇവ പ്രത്യേകം സൂക്ഷിക്കണമെന്ന് അച്ഛന്‍ നിര്‍ദേശിച്ചിരുന്നതായും സോണിയ പറഞ്ഞു.
 

Latest News