റിയാദ്- കേരളത്തിൽ തൽക്കാലം ആരും ബിസിനസോ സംരഭങ്ങളോ തുടങ്ങരുതന്നും ഉള്ള പണം ബാങ്കുകളിൽ നിക്ഷേപിക്കലാണ് ബുദ്ധിയെന്നും ഇടതുപക്ഷ എം.എൽ.എയും സിനിമ നടനുമായ കെ.ബി ഗണേഷ് കുമാർ. റിയാദിൽ കൊട്ടാരക്കര പ്രവാസി അസോസിയേഷന്റെ മൂന്നാം വാർഷിക പരിപാടിയിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസികൾ ഇപ്പോൾ നിൽക്കുന്നത് പൊൻമുട്ടയിടുന്ന താറാവുള്ള സ്ഥലത്താണ്. നാട്ടിലെത്തിയാൽ ചവിട്ടു കിട്ടുന്ന താറാവാണ് ഉള്ളത്. ഏത് രാജ്യത്ത് എത്തിയാലും എല്ലാവരും ചോദിക്കും.
നാട്ടിൽ വന്ന് എന്തെങ്കിലും തുടങ്ങിയാൽ എന്താകും എന്ന കാര്യം. നിങ്ങൾക്കിപ്പോ നല്ല ജോലിയുണ്ട്. ബിസിനസുണ്ട്. ഇപ്പോൾ അതാണ് നല്ലത്. നമ്മുടെ നാട് നല്ല ബിസിനസിന് ഒന്നും പാകപ്പെട്ടിട്ടില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു. കേരളം വ്യവസായ സൗഹൃദ സംസ്ഥാനമാണ് എന്ന് സംസ്ഥാന സർക്കാർ പ്രചാരണം നടത്തുന്ന വേളയിലാണ് ഗണേഷ് കുമാർ സർക്കാറിനെ പ്രതിക്കൂട്ടിലാക്കുന്ന തരത്തിൽ പരാമർശം നടത്തിയത്.