അബഹ- ഒൻപത് വർഷമായി നാട്ടിൽ പോകാൻ കഴിയാതെ പ്രയാസത്തിലായിരുന്ന മധ്യവയസ്‌കന് ഖമ്മീസ് മുഷൈത്തിലെ പ്രവാസി സുഹൃത്തുകളുടെ സമയോചിതമായ ഇടപെടൽ തുണയായി. നിർമ്മാണ തൊഴിലാളിയായി സൗദിയിലെത്തിയ തിരുവനന്തപുരം പാറശ്ശാലക്കടുത്ത് നെടുങ്ങാട് സ്വദേശി ബാബു വർഗീസ് വർഷങ്ങളായി ഇഖാമയുടെ കാലാവധി കഴിഞ്ഞതിനെ തുടർന്നു നാട്ടിൽ പോകാനോ ക്യത്യമായി ജോലി ചെയ്യാനൊ കഴിയാതെ ദുരിതത്തിലായിരുന്നു. അബഹ ലേബർ ഓഫീസിന്റെ സഹായത്തോടെ നാട്ടിലേക്ക് മടങ്ങിപ്പോകാൻ ശ്രമിച്ചെങ്കിലും, താൻ ജോലി ചെയ്തിരുന്ന കമ്പനിയുടെ രേഖകൾ ലേബർ ഓഫീസിന്റെ സിസ്റ്റത്തിൽനിന്നും നീക്കം ചെയ്തതുകാരണം റിയാദിലെ ലേബർ ഓഫീസ് ആസ്ഥാനത്തു നിന്നും പ്രത്യേക അനുമതിക്കായി നടത്തിയ പരിശ്രമങ്ങളും പരാജയപ്പെടുകയായിരുന്നു. ഒരു വർഷത്തിലേറെയായി ജോലിചെയ്യാൻ കഴിയാത്തവിധം കണ്ണുകളുടെ കാഴ്ച ശക്തി നഷ്ടപ്പെട്ടതിനെ തുടർന്നു സുമനസ്സുകളായ സുഹൃത്തുക്കളുടെ സഹായത്തോടെയാണ് ജീവിച്ചുപോന്നത്. റിയാദ് എംബസ്സിയിലും, ജിദ്ദ കോൺസുലേറ്റിലും എക്‌സിറ്റിനു വേണ്ടി രജിസ്റ്റർ ചെയ്‌തെങ്കിലും കാര്യമായ നടപടികളൊന്നും ഉണ്ടായില്ല. പരസഹായം കൂടാതെ നടക്കാൻ കഴിയാത്തവിധം കാഴ്ച ശക്തി നഷ്ടമായ ബാബുവിന്റെ അവസ്ഥ സുഹൃത്തുക്കളായ ഇബ്രാഹിം, റെജി, അക്ബർ, ശിവരാജൻ, സാം, ബാലൻ, അനിൽ തുടങ്ങിയവരാണ് ഒ.ഐ.സി.സി സൗദി ദക്ഷിണമേഖലാ പ്രസിഡണ്ടും സി സി ഡബ്ല്യൂ മെമ്പറുമായ അഷ്‌റഫ് കുറ്റിച്ചലിന്റെ ശ്രദ്ധയിൽ പെടുത്തിയത്. തുടർന്നു ബാബുവിന്റെ നിസ്സഹായാവസ്ഥ അധികാരികളുടെ ശ്രദ്ധയിൽപെടുത്തി പ്രത്യേക അനുമതിയോടെയാണ് അഷ്‌റഫ് അബഹ നാടുകടത്തൽ കേന്ദ്രത്തിൽ നിന്നും നടപടിക്രമങ്ങൾ പൂർത്തിയാക്കി എക്‌സിറ്റു വിസ തരപ്പെടുത്തിയത്. ഖമ്മീസിലെ സുമനസ്സുകളായ പ്രവാസികളിൽ നിന്നും സുഹൃത്തുക്കൾ ബാബുവിന് നാട്ടിലെ ചികിത്സക്കായി സാമ്പത്തിക സഹായവും സ്വരൂപിച്ചു നൽകി. ഒ.ഐ.സി.സി സൗദി ദക്ഷിണമേഖലാ കമ്മറ്റി ബാബു വർഗീസിന് അബഹയിൽ നിന്നും ഷാർജ വഴി തിരുവനന്തപുരത്തേക്കുള്ള വിമാന ടിക്കറ്റു നൽകി. കഴിഞ്ഞ ദിവസം എയർ അറേബ്യ വിമാനത്തിൽ ബാബു വർഗീസ് നാട്ടിലേക്ക് മടങ്ങി. അൻസാരി റഫീഖ് , അഷ്‌റഫ് കുറ്റിച്ചൽ, റെജി, മുജീബ് എള്ളുവിള തുടങ്ങിയവർ ടിക്കറ്റും മറ്റു യാത്രാ രേഖകളും കൈമാറി.