Sorry, you need to enable JavaScript to visit this website.

താനൂർ ബോട്ട് ദുരന്തം അന്വേഷിക്കാൻ മൂന്നംഗ കമ്മിഷനെ നിയമിച്ച് ഉത്തരവായി, സംഭവസ്ഥലം സന്ദർശിച്ച് കമ്മിഷൻ

 തിരുവനന്തപുരം - 22 പേരുടെ മരണത്തിന് ഇടയാക്കിയ താനൂർ പൂരപ്പുഴ ബോട്ട് ദുരന്തം അന്വേഷിക്കാൻ റിട്ട. ഹൈക്കോടതി ജസ്റ്റിസ് വി.കെ മോഹനൻ കമ്മിഷനെ നിയമിച്ച് സർക്കാർ വിജ്ഞാപനമായി. നീലകണ്ഠൻ ഉണ്ണി (റിട്ട. ചീഫ് എൻജിനീയർ ഇൻലാൻഡ് നാവിഗേഷൻ), സുരേഷ് കുമാർ (ചിഫ് എൻജിനീയർ, കേരള വാട്ടർ വെയ്‌സ്) എന്നിവരാണ് മൂന്നംഗ കമ്മിഷനിലെ മറ്റ് അംഗങ്ങൾ. 
 കമ്മിഷൻ സംബന്ധിച്ച ടേം ഓഫ് റഫറൻസ് പ്രസിദ്ധീകരിച്ചിട്ടില്ല. പിന്നീട് പ്രസിദ്ധീകരിക്കും. അതിനിടെ, സംസ്ഥാനത്തെ മുഴുവൻ യാനങ്ങളിലും സ്‌പെഷ്യൽ സ്‌ക്വാഡ് രൂപീകരിച്ച് പരിശോധന നടത്താൻ തുറമുഖമന്ത്രി അഹമ്മദ് ദേവർകോവിലിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. ബോട്ടുകളിൽ കയറ്റാവുന്ന പരമാവധി യാത്രക്കാരുടെ എണ്ണം പൊതുജനങ്ങൾക്ക് കാണാവുന്ന രീതിയിൽ പ്രദർശിപ്പിക്കും. തദ്ദേശ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ ജാഗ്രതാ സമിതികൾ രൂപീകരിക്കാനും തീരുമാനിച്ചു. 
 അതിനിടെ, ബോട്ട് ദുരന്തം അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച ജുഡീഷ്യൽ കമ്മിഷൻ ജസ്റ്റിസ് വി.കെ മോഹനൻ വെള്ളിയാഴ്ച സംഭവസ്ഥലം സന്ദർശിച്ചു. ബോട്ട് വിശദമായി പരിശോധിച്ചശേഷം, ഈ സന്ദർശനം തീർത്തും വ്യക്തിപരമാണെന്നും, സർക്കാർ ഉത്തരവ് ഇറങ്ങിയശേഷം കമ്മിഷൻ യോഗം ചേരുമെന്നും പ്രതികരിച്ചു. ആവശ്യമെങ്കിൽ സാങ്കേതിക- നിയമ വിദഗ്ധരുടെ സഹായം തേടും. കമ്മിഷൻ അംഗങ്ങളുടെ സന്ദർശനം അടുത്തുതന്നെയുണ്ടാകുമെന്നും പറഞ്ഞു.
 അന്വേഷണത്തിൽ എന്തെല്ലാം കാര്യങ്ങൾ ഉൾപ്പെടുത്തണമെന്ന് സർക്കാർ ഉത്തരവിറങ്ങിയാലേ വ്യക്തമാകൂവെന്നും ജസ്റ്റിസ് വി.കെ മോഹനൻ പറഞ്ഞു. പോലീസിന്റെ അന്വേഷണത്തിന് നേതൃത്വം നൽകുന്ന താനൂർ ഡിവൈ.എസ്.പി വി.വി ബെന്നിയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. 
 

Latest News