കളമശ്ശേരി- ലഹരി സംഘങ്ങള്‍ക്കെതിരെ പിടിമുറുക്കി എക്‌സൈസ്. പാതാളം, മുപ്പത്തടം ഭാഗങ്ങളില്‍ എക്‌സൈസ് നടത്തിയ രഹസ്യ നീക്കത്തില്‍ മാരക രാസലഹരി മരുന്നുമായി രണ്ട് പേര്‍ പിടിയിലായി. കടുങ്ങല്ലൂര്‍ മുപ്പത്തടം തത്തയില്‍ വീട്ടില്‍ ശ്രീരാഗ് (21), കടുങ്ങല്ലൂര്‍ മുപ്പത്തടം കരയില്‍ വടശ്ശേരി വീട്ടില്‍ രാഹുല്‍ (20) എന്നിവരാണ് എറണാകുളം എന്‍ഫോഴ്‌സ്‌മെന്റ് അസിസ്റ്റന്റ് കമ്മീഷണറുടെ സ്‌പെഷ്യല്‍ ആക്ഷന്‍ ടീമിന്റെ പിടിയിലായത്. ഇവരുടെ പക്കല്‍ നിന്ന് 6.400 ഗ്രാം എം. ഡി. എം. എയും അഞ്ച് ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ഇവര്‍ മയക്ക് മരുന്ന് കച്ചവടത്തിനായി ഉപയോഗിച്ച സ്‌കൂട്ടറും എക്‌സൈസ് കസ്റ്റഡിയിലെടുത്തു.
മയക്ക് മരുന്ന് ഉള്‍പ്പെടെയുള്ള ക്രിമിനല്‍ കേസുകളില്‍ പ്രതികളായ ഇവര്‍ ഇരുവരും മയക്കുമരുന്ന് ഇടപാട് തുടങ്ങിയിട്ട് നാളുകള്‍ ഏറെ ആയെങ്കിലും ഒരുമിച്ച് പിടിയിലാകുന്നത് ഇത് ആദ്യമായാണ്. ഉപഭോക്താക്കള്‍ക്കിടയില്‍ 'കീരി രാജു' എന്ന് അറിയപ്പെടുന്ന ശ്രീരാഗ് ഇയാളുടെ ശിങ്കിടികളുടെ കൂടെ ഗോവയില്‍ പോയി അവിടെ നിന്ന് വന്‍തോതില്‍ മയക്ക് മരുന്ന് കടത്തികൊണ്ടുവന്ന് ഇവിടെ വില്‍പ്പന നടത്തി വരുകയായിരുന്നു.
ഗോവയില്‍ നിന്ന് 'മങ്കി മാന്‍' എന്ന് സ്വയം പരിചയപ്പെടുത്തിയ ഒരു വിദേശിയില്‍ നിന്നാണ് മയക്കുമരുന്ന് വാങ്ങിയതെന്ന് ചോദ്യം ചെയ്യലില്‍ ഇരുവരും വെളിപ്പെടുത്തി. ശ്രീരാഗും കൂട്ടാളികളും അര്‍ധരാത്രിയോടെ ഏലൂര്‍, പാതാളം, മുപ്പത്തടം ഭാഗങ്ങളില്‍ ഇരുചക്ര വാഹനത്തില്‍ കറങ്ങി നടന്ന് മയക്കുമരുന്ന് വിതരണം നടത്തി വരുന്നു എന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് മാസങ്ങള്‍ക്ക് മുമ്പേ ലഭിച്ചിരുന്നു. എന്നാല്‍ വ്യത്യസ്ത വാഹനങ്ങളും വ്യത്യസ്ത സിം കാര്‍ഡുകളും ഉപയോഗിച്ച് മയക്കുമരുന്ന് ഇടപാട് നടത്തി വന്നിരുന്ന ഇവര്‍ എക്‌സൈസ് സംഘത്തെ വെട്ടിച്ച് നടക്കുകയായിരുന്നു.
ഇവരെ കണ്ടെത്താനായി എന്‍ഫോഴ്‌സ്‌മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ ബി. ടെനിമോന്റെ നേതൃത്വത്തിലുള്ള സംഘം തെരച്ചില്‍ ഊര്‍ജ്ജിതമാക്കുകയായിരുന്നു. മുപ്പത്തടം കാച്ചപ്പള്ളി റോഡിന് സമീപം അര്‍ധരാത്രിയോടെ മയക്കുമരുന്നുമായി എത്തിയ ഇരുവരെയും എക്‌സൈസ് സംഘം വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. മാരക ലഹരിയിലായിരുന്ന ഇരുവരേയും ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് എക്‌സൈസ് സംഘത്തിന് കീഴ് പെടുത്തുവാനായത്.
ഇവരുടെ സംഘത്തില്‍പ്പെട്ടവരെക്കുറിച്ചുള്ള വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും കൂടുതല്‍ അറസ്റ്റ് വരും ദിവസങ്ങളിലും ഉണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു. പ്രധാനമായും റേവ് പാര്‍ട്ടികളില്‍ ഉപയോഗിച്ച് വരുന്ന കൂടുതല്‍ വീര്യമേറിയ 'പാര്‍ട്ടി ഡ്രഗ്ഗ്' എന്ന വിളിപ്പേരുള്ള അതിമാരകമായ മെതലിന്‍ ഡയോക്‌സി മെത്താഫിറ്റമിനാണ് (എം. ഡി. എം. എ) ഇവരില്‍ നിന്ന് കണ്ടെടുത്തത്. ഗ്രാമിന് 3000 രൂപ നിരക്കില്‍ വില്‍പ്പന നടത്തിവരുകയായിരുന്നു. ഈ ഇനത്തില്‍പ്പെട്ട സിന്തറ്റിക് ഡ്രഗ്ഗ് അര ഗ്രാമില്‍ കൂടുതല്‍ കൈവശം വച്ചാല്‍ 10 വര്‍ഷത്തെ കഠിന തടവും ഒരു ലക്ഷം രൂപ വരെ പിഴയും കിട്ടാവുന്ന കുറ്റമാണ്.
മയക്കുമരുന്നിന്റെ ഉറവിടം സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തും. പറവൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശ്രീരാഗ് കൃഷ്ണ, ഇന്റലിജന്‍സ് പ്രിവന്റീവ് ഓഫീസര്‍ എന്‍. ജി. അജിത് കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ ടി. എക്‌സ്. ജസ്റ്റിന്‍, സിറ്റി മെട്രോ ഷാഡോയിലെ സി. ഇ. ഒ എന്‍. ഡി. ടോമി, പറവൂര്‍ സര്‍ക്കിള്‍ സി. ഇ. ഒ ജഗദീഷ് ഒ. എസ്, അമൃത് കരുണ്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതികളെ കസ്റ്റഡിയില്‍ എടുത്തത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.