Sorry, you need to enable JavaScript to visit this website.

കൂട്ടിരിക്കാന്‍ ഇനി ഒരാള്‍ മാത്രം, രോഗികളുടെ വിവരം അറിയിക്കാന്‍ ബ്രീഫിംഗ് റൂം

തിരുവനന്തപുരം - ഡോ. വന്ദന ദാസ് കുത്തേറ്റ് മരിച്ച പശ്ചാത്തലത്തില്‍ പി.ജി വിദ്യാര്‍ത്ഥികള്‍, ഹൗസ് സര്‍ജന്‍മാര്‍ എന്നിവര്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ പഠിച്ച് പരിഹരിക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ കമ്മിറ്റി രൂപീകരിക്കാന്‍ തീരുമാനിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഒരു മാസത്തിനകം കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. എല്ലാ പ്രധാന ആശുപത്രികളിലും പോലീസ് ഔട്ട് പോസ്റ്റ് സ്ഥാപിക്കുമെന്നും മറ്റിടങ്ങളില്‍ പോലീസ് നിരീക്ഷണമുണ്ടാകുമെന്നും ആശുപത്രികളില്‍ സിസിടിവി ക്യാമറ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. പിജി വിദ്യാര്‍ത്ഥികള്‍ ഹൗസ് സര്‍ജന്‍മാര്‍ എന്നിവരുടെ സംഘടനാ പ്രതിനിധികളുമായുള്ള ചര്‍ച്ചയ്ക്ക് പിന്നാലെ വാര്‍ത്താ കുറിപ്പിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

ആരോഗ്യ പ്രവര്‍ത്തകര്‍ ഇനി ആക്രമിക്കപ്പെടാന്‍ പാടില്ല. അതിനുള്ള നടപടികള്‍ കര്‍ശനമായി സ്വീകരിക്കും. മെഡിക്കല്‍ കോളേജുകളില്‍ പബ്ലിക് അഡ്രസ് സിസ്റ്റം നടപ്പിലാക്കും. ചികിത്സാ ക്വാളിറ്റി, ജീവനക്കാരുടെ സുരക്ഷ എന്നിവ പ്രധാനമാണ്. രോഗികളുടെ വിവരങ്ങള്‍ അറിയിക്കുന്നതിന് ബ്രീഫിംഗ് റൂം ഉറപ്പാക്കണം. വാര്‍ഡുകളില്‍ കൂട്ടിരിപ്പുകാര്‍ ഒരാള്‍ മാത്രമേ പാടുള്ളൂ. അത്യാഹിത വിഭാഗത്തില്‍ 2 പേര്‍ മാത്രം. അത്യാവശ്യ ഘട്ടങ്ങളില്‍ ഉപയോഗിക്കാനുള്ള അലാറം സമ്പ്രദായം നടപ്പിലാക്കണം. ചീഫ് സെക്യൂരിറ്റി ഓഫീസറുടെ നമ്പര്‍ എല്ലാവര്‍ക്കും നല്‍കണമെന്നും മന്ത്രി ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു.

ആശുപത്രികളിലെ സുരക്ഷ ഓഡിറ്റ് സമയബന്ധിതമായി നടത്തും. മെഡിക്കല്‍ റസിഡന്‍സി പ്രോഗ്രാമിന്റെ ഭാഗമായി മറ്റാശുപത്രികളില്‍ പോകുന്നവര്‍ക്കായി ഉടന്‍ തന്നെ എസ്ഒപി പുറത്തിറക്കും. റസിഡന്‍സി മാന്വല്‍ കര്‍ശനമായി നടപ്പിലാക്കും. അടിയന്തരമായി ഇതിനായി ഡി.എം.ഇ സര്‍ക്കുലര്‍ ഇറക്കും. വകുപ്പ് മേധാവികള്‍ വിദ്യാര്‍ത്ഥികളുടെ അവധി ഉറപ്പാക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.

മുമ്പ് പിജി വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തില്‍ തീരുമാനിച്ച കാര്യങ്ങള്‍ കര്‍ശനമായി നടപ്പിലാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. ഹോസ്റ്റല്‍ സൗകര്യം അതാത് സ്ഥാപനങ്ങള്‍ പരിശോധിച്ച് മുന്‍ഗണന നല്‍കാന്‍ ഡിഎംഇയെ ചുമതലപ്പെടുത്തി. ന്യായമായ സ്‌റ്റൈപെന്റ് വര്‍ധനയ്ക്കുള്ള പ്രൊപ്പോസല്‍ സര്‍ക്കാര്‍ പരിഗണനയിലാണ്. മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ മാനസികാരോഗ്യം ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കും. വനിത ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ക്രഷ് സംവിധാനം എല്ലാ മെഡിക്കല്‍ കോളേജിലും നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.

 

 

Latest News