ജിദ്ദ - നീണ്ട 32 വർഷക്കാലത്തെ വേർപിരിയലിനു ശേഷം സൗദി യുവാവിനും ഈജിപ്തുകാരിയായ മാതാവിനും പുനഃസമാഗമം. കുടുംബ തർക്കങ്ങളെ തുടർന്ന് മാതാപിതാക്കൾ വിവാഹബന്ധം വേർപ്പെടുത്തിയതാണ് യുവാവിന്റെയും മാതാവിന്റെയും വേർപിരിയലിന് ഇടയാക്കിയത്. മൂന്നു ദശകത്തിലേറെ നീണ്ട ഇടവേളക്കു ശേഷം ഇരുവരെയും ഒന്നിപ്പിക്കാൻ സഹായിച്ചത് കയ്‌റോ സൗദി എംബസിയായിരുന്നു.
നാലാം വയസിലാണ് തനിക്ക് മാതാവിന്റെ സ്‌നേഹപരിചരണങ്ങളും പരിളാലനകളും നിഷേധിക്കപ്പെട്ടതെന്ന് സൗദി യുവാവ് തുർക്കി ഖാലിദ് സുനൈദ് അൽസുനൈദ് പറഞ്ഞു. സ്വന്തം കുടുംബത്തെ സന്ദർശിക്കാൻ കയ്‌റോയിലേക്ക് പോയ മാതാവുമായി അവിടെ വെച്ച് വേർപിരിഞ്ഞ് പിതാവ് സൗദിയിലേക്ക് മടങ്ങുകയായിരുന്നു. വൈകാതെ പിതാവ് മരണപ്പെട്ടു. പതിനാറു വയസുവരെ വല്യുമ്മക്കൊപ്പമാണ് (ഉപ്പാന്റെ മാതാവ്) താൻ വളർന്നത്. പതിനാറാം വയസിൽ വല്യുമ്മയും മരണപ്പെട്ടു. തുടർന്ന് ബന്ധുക്കളിൽ പെട്ട ഒരു വൃദ്ധക്കൊപ്പമായിരുന്നു താമസം. 28 -ാം വയസിൽ വിവാഹിതനായി. ഇക്കാലത്തെല്ലാം റിയാദ് ഈജിപ്ഷ്യൻ എംബസി വഴി മാതാവിനു വേണ്ടി അന്വേഷണങ്ങൾ നടത്തിയിരുന്നെങ്കിലും ഫലമുണ്ടായിരുന്നില്ല.
ഇതിനു ശേഷമാണ് മാതാവിനെ ഏതുവിധേനെയും അന്വേഷിച്ചു കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ഈജിപ്തിലേക്ക് യാത്ര പോയത്. കയ്‌റോ സൗദി എംബസിയിൽ നേരിട്ടെത്തി പ്രശ്‌നങ്ങൾ അവതരിപ്പിച്ച് നടത്തിയ അന്വേഷണത്തിൽ മാതാപിതാക്കളുടെ രേഖകൾ കണ്ടെത്തി. തുടർന്ന് ഈജിപ്ഷ്യൻ അധികൃതരുമായി സഹകരിച്ച് ഒന്നിലധികം വിലാസങ്ങളിൽ അന്വേഷിച്ചാണ് അവസാനം മാതാവിനെ കണ്ടെത്തിയത്.
മാതാവുമായി കയ്‌റോ സൗദി എംബസി ആശയവിനിമയം നടത്തി, ഒറ്റയടിക്ക് ഞെട്ടലായി മാറാതിരിക്കാൻ മകന്റെ കാര്യം പടിപടിയായി അറിയിക്കുകയും തങ്ങളുടെ പുനഃസമാഗമത്തിന് അവസരമൊരുക്കുകയുമായിരുന്നെന്ന് തുർക്കി ഖാലിദ് സുനൈദ് അൽസുനൈദ് പറഞ്ഞു. 32 വർഷത്തെ വേർപിരിയലിനു ശേഷം മാതാവിനെ കാണാൻ സഹായിച്ച കയ്‌റോയിലെ സൗദി അംബാസഡർ ഉസാമ നുഖലി, സിറ്റിസൺസ് അഫയേഴ്‌സ് വിഭാഗം മേധാവി മുഹമ്മദ് അൽബരൈകി, ഉപമേധാവി മുഹമ്മദ് അൽസുബൈഇ, നിയമകാര്യ വിഭാഗം മേധാവി മജ്ദി മഹ്ഫൂസ് എന്നിവർ അടക്കം എംബസിയിലെ മുഴുവൻ ജീവനക്കാർക്കും ഈജിപ്തിലെ ബന്ധപ്പെട്ട വകുപ്പുകൾക്കും യുവാവ് നന്ദി പറഞ്ഞു.