ബിഷ- മൂന്നു മാസം മുമ്പ് സൗദിയിൽ പുതിയ വിസക്ക് എത്തിയ തമിഴ്‌നാട് സ്വദേശിയായ 23-കാരൻ തൂങ്ങിമരിച്ചു. തമിഴ്‌നാട് ശങ്കരപുരം കള്ളകുറച്ചി വെളിപ്പുറം സ്വാദേശി ശരൺ കുമാറാണ് തൂങ്ങി മരിച്ചത്. മൂന്നു മാസം മുമ്പ് സൗദിയിലെത്തിയ ശരൺകുമാറിന് കഴിഞ്ഞ ദിവസമാണ് ജോലി ലഭിച്ചത്. ജോലി ലഭിച്ച് അഞ്ചാം ദിവസം തൂങ്ങിമരിക്കുകയായിരുന്നു. ബിഷക്ക് സമീപം അസ്മി എന്നു സ്ഥലത്ത് വെച്ചായിരുന്നു സംഭവം. അച്ഛന്റെ കൂടെയായിരുന്നു ശരൺകുമാർ താമസം. രാവിലെ ഭക്ഷണം ഉണ്ടാക്കിക്കൊടുത്ത ശേഷം അച്ഛൻ തൊട്ടടുത്ത മസറയിൽ ജോലിക്ക് പോയ സമയത്താണ് സംഭവം. അച്ഛൻ ഉച്ചക്ക് മുറിയിൽ തിരിച്ചെത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ പോലീസിനെ വിവരം അറിയിച്ചു. മൃതദേഹം ബിഷ കിംഗ് അബ്ദുള്ള ഹോസ്പിറ്റിലേക്ക് മാറ്റി. നടപടിക്രമങ്ങൾക്ക് ബിഷയിലെ സാമൂഹിക പ്രവർത്തകനും ജിദ്ദ കോൺസുലേറ്റ് വെൽഫെയർ മെമ്പറുമായ അബ്ദുൽ അസീസ് പാതിപറമ്പൻ കൊണ്ടോട്ടി നേതൃത്വം നൽകുന്നുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. അമ്മ: പെരിയായി. രണ്ടു സഹോദരിമാരുണ്ട്.