Sorry, you need to enable JavaScript to visit this website.

മെക്‌സിക്കോയെ മുക്കി സ്വീഡൻ

സ്വീഡന്റെ വിജയം ആഘോഷിക്കുന്ന എമിൽ ഫോസ്ബർഗും ഓല തോയ്‌വോനനും. 
  • സ്വീഡൻ 3-മെക്‌സിക്കൊ 0

യെക്കാത്തറിൻബർഗ് - ജർമനിയെ അട്ടിമറിച്ച് ലോകകപ്പിൽ തിരമാലകൾ സൃഷ്ടിച്ച മെക്‌സിക്കോയെ ഗോൾ പ്രളയത്തിൽ മുക്കി സ്വീഡൻ അപ്രതീക്ഷിതമായി ഗ്രൂപ്പ് എഫിൽ ഒന്നാം സ്ഥാനം പിടിച്ചു. തോറ്റ മെക്‌സിക്കോയെയും അവർ പ്രി ക്വാർട്ടറിലേക്ക് ഒപ്പം കൂട്ടി. രണ്ടാം പകുതിയിൽ ഡിഫന്റർമാരായ ലുഡ്‌വിഗ് ഓഗസ്റ്റിൻസനും പെനാൽട്ടിയിൽ നിന്ന് ആന്ദ്രെ ഗ്രാൻക്വിസ്റ്റുമാണ് കരുത്തിന്റെ കളി കെട്ടഴിച്ച സ്വീഡന് വിജയം സമ്മാനിച്ചത്. തമാശ തോന്നിച്ച സെൽഫ് ഗോൾ അവർക്ക് കിട്ടിയ ബോണസായി. ഈ ലോകകപ്പിലെ ഏഴാമത്തേത്. ലോകകപ്പ് റെക്കോർഡാണ് ഏഴ് സെൽഫ് ഗോൾ. മുൻ ചാമ്പ്യന്മാരായ ഇറ്റലിയെ പ്ലേഓഫിൽ തോൽപിച്ചാണ് സ്വീഡൻ യോഗ്യത നേടിയത്.
ആദ്യ രണ്ടു കളി ജയിച്ച മെക്‌സിക്കോയുടെ ആത്മവിശ്വാസം രണ്ടാം പകുതിയിൽ സ്വീഡൻ കുത്തിപ്പൊട്ടിച്ചു. നാല് ടീമുകൾക്കും മുന്നേറാൻ സാധ്യതയുണ്ടായിരുന്ന ഗ്രൂപ്പിൽ അവർ തങ്ങളുടെ ഭാഗധേയം കൈയിലെടുത്തു. പതിമൂന്നാം സെക്കന്റിൽ ഓല തോയ്‌വോനനെ ചവിട്ടിയിട്ട ജീസസ് ഗയാഡൊ മഞ്ഞക്കാർഡ് കണ്ടതോടെ മെക്‌സിക്കോയുടെ തുടക്കം പാളി. ലോകകപ്പിലെ ഏറ്റവും വേഗത്തിലുള്ള മഞ്ഞക്കാർഡാണ് ഇത്. ഗോളി ഗ്വിയർമൊ ഒചോവ ബോക്‌സിന് പുറത്ത് വെച്ച് കൈകൊണ്ട് തടുത്തു. അതിന് കിട്ടിയ ഫ്രീകിക്ക് കഷ്ടിച്ചാണ് അകന്നത്. പന്ത്രണ്ടാം മിനിറ്റിൽ മാർക്കസ് ബർഗിന്റെ ബൈസികിൾ കിക്ക് തലനാരിഴക്കാണ് പിഴച്ചത്. ഗാലറിയുടെ പൂർണ പിന്തുണയുമായി കളിച്ച മെക്‌സിക്കോയുടെ ആദ്യ ആക്രമണം പതിനഞ്ചാം മിനിറ്റിലായിരുന്നു. കാർലോസ് വേലക്ക് ബോക്‌സിൽ സമയവും ഇടവും കിട്ടിയെങ്കിലും ഇടങ്കാലനടി പോസ്റ്റിനെയുരുമ്മി പുറത്തു പോയി. മുപ്പതാം മിനിറ്റിൽ മെക്‌സിക്കൊ സ്‌ട്രൈക്കർ ഹവിയർ ഹെർണാണ്ടസ് ബോക്‌സിനുള്ളിൽ പന്ത് കൈ കൊണ്ട് നിയന്ത്രിച്ചതായി തോന്നിയത് റഫറി വീഡിയൊ പരിശോധിച്ച ശേഷം പെനാൽട്ടിയല്ലെന്ന് വിധിച്ചപ്പോൾ ഗോളടിച്ചതു പോലെ മെക്‌സിക്കൊ ആഘോഷിച്ചു. സ്വീഡൻ ബെഞ്ച് സ്വാഭാവികമായും രോഷാകുലരായി. ഇടവേളക്ക് പിരിയുമ്പോൾ മെക്‌സിക്കോയും ജർമനിയും മുന്നേറുമെന്ന അവസ്ഥയായിരുന്നു. 
രണ്ടാം പകുതിയുടെ അഞ്ചാം മിനിറ്റിൽ സ്വീഡൻ ആഗ്രഹിച്ച ഗോൾ പിറന്നു. ഇടതു വിംഗിലൂടെ കുതിച്ച അഗസ്റ്റിൻസന്റെ വോളി ഒചോവയെ കീഴടക്കി. അറുപതാം മിനിറ്റിൽ ബെർഗിനെ ഹെക്ടർ മോറിനൊ വീഴ്ത്തിയതിന് കിട്ടിയ പെനാൽട്ടി ക്യാപ്റ്റൻ ഗ്രാൻക്വിസ്റ്റ് ലക്ഷ്യത്തിലെത്തിച്ചു. ക്യാപ്റ്റന്റെ രണ്ടാമത്തെ പെനാൽട്ടി ഗോൾ. മെക്‌സിക്കോക്കാർ നിറഞ്ഞ ഗാലറിയിൽ പ്ലാസ്റ്റിക് കപ്പുകൾ ഗ്രൗണ്ടിലേക്ക് പറന്നു. എഴുപത്തിനാലാം മിനിറ്റിലായിരുന്നു മെക്‌സിക്കൊ ഡിഫന്റർ എഡ്‌സൻ അൽവാരെസിന്റെ സെൽഫ് ഗോൾ. കോർണർ തടയവെ അൽവാരെസിന്റെ കാലിൽ തട്ടിത്തിരിഞ്ഞ പന്ത് സ്വന്തം വലയിൽ കയറി. 
അതോടെ മെക്‌സിക്കൊ ആധിയിലായി. ജർമനി ഗോളടിച്ചിരുന്നുവെങ്കിൽ അവർ പുറത്താവുമായിരുന്നു. എന്നാൽ പുറത്തു പോകുന്ന വഴിയിൽ രണ്ട് ഗോൾ ജർമൻ വലയിൽ നിക്ഷേപിച്ച് ചരിത്രം സൃഷ്ടിച്ച തെക്കൻ കൊറിയക്കാർ മെക്‌സിക്കോക്ക് പ്രി ക്വാർട്ടറിലേക്ക് വഴി തുറന്നു. തുടർച്ചയായ ഏഴാം തവണയാണ് മെക്‌സിക്കൊ പ്രി ക്വാർട്ടറിലെത്തുന്നത്. എന്നാൽ എന്നും പ്രി ക്വാർട്ടറിൽ വീഴുന്നതാണ് അവരുടെ പതിവ്.  

 

Latest News