Sorry, you need to enable JavaScript to visit this website.

ഫ്‌ളൈ നാസ് വിമാനങ്ങൾ എണ്ണം കൂട്ടി, നിലവിൽ 48 വിമാനങ്ങൾ

ജിദ്ദ - മധ്യപൗരസ്ത്യദേശത്തെ മുൻനിര ബജറ്റ് വിമാന കമ്പനിയായ ഫ്‌ളൈ നാസിനു കീഴിലെ വിമാനങ്ങളുടെ എണ്ണം 48 ആയി ഉയർന്നു. കമ്പനിക്ക് പുതുതായി മൂന്നു വിമാനങ്ങൾ കൂടി ലഭിച്ചതോടെയാണിത്. വീതി കൂടിയ എയർബസ് 330 എ ഇനത്തിൽ പെട്ട ഒരു വിമാനവും എയർബസ് 320 നിയോ ഇനത്തിൽ പെട്ട രണ്ടു വിമാനങ്ങളുമാണ് കമ്പനിക്ക് പുതുതായി ലഭിച്ചത്. ആയിരത്തിലേറെ കോടി ഡോളർ വിലവരുന്ന 120 വിമാനങ്ങൾക്ക് എയർബസ് കമ്പനിക്ക് ഫ്‌ളൈ നാസ് നേരത്തെ ഓർഡർ നൽകിയിരുന്നു. ഇതിന്റെ ഭാഗമായി ഈ വർഷം കമ്പനിക്ക് ആകെ 19 വിമാനങ്ങൾ ലഭിക്കും. ഇക്കൂട്ടത്തിൽ പെട്ട രണ്ടാം ബാച്ച് വിമാനങ്ങളാണ് കഴിഞ്ഞ ദിവസം ഫ്‌ളൈ നാസ് സ്വീകരിച്ചത്. 
എയർബസ് 320 നിയോ ഇനത്തിൽ പെട്ട രണ്ടു വിമാനങ്ങൾ മെയ് 3, 4 തീയതികളിൽ റിയാദ് വിമാനത്താവളത്തിലും എയർബസ് 330 എ ഇനത്തിൽ പെട്ട വിമാനം മെയ് ആറിന് ജിദ്ദ എയർപോർട്ടിലുമാണ് എത്തിയത്. രണ്ടു വർഷത്തിനിടെ ഫ്‌ളൈ നാസ് വിമാനങ്ങളുടെ എണ്ണം 84 ശതമാനം തോതിൽ വർധിച്ചു. 2021 ആദ്യ പാദത്തിൽ കമ്പനിക്കു കീഴിൽ 26 വിമാനങ്ങളാണുണ്ടായിരുന്നത്. 26 മാസത്തിനിടെ 22 വിമാനങ്ങൾ കൂടി സ്വന്തമാക്കാൻ ഫ്‌ളൈ നാസിന് സാധിച്ചതായി കമ്പനി സി.ഇ.ഒയും എം.ഡിയുമായ ബന്ദർ അൽമുഹന്ന പറഞ്ഞു. 
വളർച്ചാ, വിപുലീകരണ തന്ത്രവുമായി ഫ്‌ളൈ നാസ് മുന്നോട്ടുപോവുകയാണ്. സൗദി അറേബ്യക്കകത്തെയും വിദേശങ്ങളിലെയും 165 നഗരങ്ങളിലേക്ക് സർവീസുകൾ നടത്താനാണ് തന്ത്രത്തിലൂടെ ലക്ഷ്യമിടുന്നത്. ട്രാവൽ ആന്റ് ടൂറിസം മേഖല ഉണർവ് കൈവരിക്കുന്നതിനിടെയാണ് കമ്പനി മൂന്നു പുതിയ വിമാനങ്ങൾ സ്വീകരിച്ചത്. ഈ വേനൽക്കാലത്ത് മികച്ച വളർച്ച കൈവരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അന്താരാഷ്ട്ര സർവീസ് ശൃംഖല ശക്തിപ്പെടുത്താൻ ശ്രമിച്ച് അടുത്ത ജൂൺ മുതൽ പത്തു നഗരങ്ങളിലേക്കു കൂടി സർവീസുകൾ ആരംഭിക്കുമെന്ന് ഫ്‌ളൈ നാസ് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത ഹജ് സീസണിൽ സാധ്യമായത്ര തീർഥാടകർക്ക് യാത്രാ സൗകര്യം നൽകാനാണ് കമ്പനി പദ്ധതിയിടുന്നത്. 
അടുത്തിടെ ഇറാഖിലെ ബഗ്ദാദിലേക്കും ഇർബിലിലേക്കും ഫ്‌ളൈ നാസ് സർവീസുകൾ ആരംഭിച്ചു. ഹജ്, ഉംറ തീർഥാടകരുടെ യാത്ര സുഗമമാക്കാൻ ലക്ഷ്യമിട്ടും ദേശീയ വ്യോമയാന തന്ത്രത്തിന് പിന്തുണയായും ഇറാഖ്, നൈജീരിയ, ഉസ്‌ബെക്കിസ്ഥാൻ, കിർഗിസ്ഥാൻ എന്നിവിടങ്ങളിലേക്ക് ഡയറക്ട് സർവീസുകൾ ആരംഭിക്കാൻ എയർ കണക്ടിവിറ്റി പ്രോഗ്രാമുമായി കമ്പനി സമീപ കാലത്ത് കരാർ ഒപ്പുവെച്ചിട്ടുണ്ട്. സൗദിയിൽ പ്രതിവർഷ വിമാന യാത്രക്കാരുടെ എണ്ണം 33 കോടിയായും സൗദിയിൽ നിന്ന് നേരിട്ട് സർവീസുള്ള ലോക നഗരങ്ങളുടെ എണ്ണം 250 ലേറെയായും ഉയർത്താൻ ദേശീയ വ്യോമയാന തന്ത്രം ലക്ഷ്യമിടുന്നു. 
മധ്യപൗരസ്ത്യദേശത്തെയും ഉത്തരാഫ്രിക്കയിലെയും ഏറ്റവും വലിയ ബജറ്റ് വിമാന കമ്പനിയായി മാറാൻ ശ്രമിച്ച് പുതിയ വിമാനങ്ങൾക്കുള്ള ഓർഡർ 250 ആയി ഉയർത്താൻ ഫ്‌ളൈ നാസ് ഡയറക്ടർ ബോർഡ് അനുമതി നൽകിയിരുന്നു. ദേശീയ വ്യോമയാന തന്ത്രം ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ സംഭാവന നൽകാനുള്ള കമ്പനിയുടെ ശേഷിയും ഇതിലൂടെ വർധിക്കുമെന്ന് ബന്ദർ അൽമുഹന്ന പറഞ്ഞു.
 

Latest News