കോട്ടയം - കൊട്ടാരക്കര താലുക്ക് ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ കുത്തേറ്റ് മരിച്ച ഡോ. വന്ദനയ്ക്ക് നാടിന്റെ യാത്രാ മൊഴി. കടുത്തരുത്തി മുട്ടുച്ചിറയിലെ വീട്ടു വളപ്പിലാണ് ഡോ. വന്ദനയുടെ മൃതദേഹം സംസ്‌കരിച്ചത്. അവസാനമായി ഒരു നോക്ക് കാണാനും അന്ത്യാജ്ഞലി അര്‍പ്പിക്കാനും നൂറ് കണക്കിന് ആളുകളാണ് ഒഴുകിയെത്തിയത്. ഏകമകള്‍ക്ക് അന്ത്യ ചുംബനം നല്‍കുന്ന മാതാപിതാക്കളുടെ നെഞ്ചുപൊട്ടിയുള്ള കരച്ചില്‍ കണ്ടുനിന്നവരില്‍ നോവായി മാറി. കൊല്ലത്ത് ഡോ വന്ദന ദാസ് പഠിച്ച അസീസിയ മെഡിക്കല്‍ കോളേജില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷമാണ് വീട്ടിലേക്ക് മൃതദേഹം വീട്ടിലെക്ക് കൊണ്ടുവന്നത്. ബുധനാഴ്ച രാത്രി എട്ടുമണിയോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. മന്ത്രിമാരായ വി.എന്‍. വാസവന്‍, റോഷി അഗസ്റ്റിന്‍, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ എന്നിവര്‍ ഇന്നലെ രാത്രി തന്നെ വീട്ടിലെത്തി അന്ത്യോപചാരമര്‍പ്പിച്ചു. കേന്ദ്രമന്ത്രി വി. മുരളീധരന്‍, സ്പീക്കര്‍ എ.എന്‍. ഷംസീര്‍, ആരോഗ്യമന്ത്രി മന്ത്രി വീണാ ജോര്‍ജ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ എന്നിവര്‍ ഇന്ന് രാവിലെ വന്ദനയുടെ വീട്ടിലെത്തി. വന്ദനയുടെ മുത്തശ്ശനെയും മുത്തശ്ശിയെയും സംസ്‌കരിച്ചതിനോട് ചേര്‍ന്നാണ് വന്ദനക്കും ചിതയൊരുക്കിയത്. വന്ദനയുടെ അമ്മയുടെ സഹോദരന്റെ മകന്‍ നിവേദാണ് ചിതയ്ക്ക് തീക്കൊളുത്തിയത്.