കൊച്ചി- പൊലീസിന്റെ സാന്നിധ്യമുണ്ടായിരിക്കെ ഡോക്ടര്‍ക്കെതിരെ ആക്രമണം നടക്കുകയാണെങ്കില്‍ ഭയം ഉള്ളില്‍ വെച്ച് ആളുകള്‍ എങ്ങനെ തൊഴിലെടുക്കുമെന്ന് ഹൈക്കോടതി. കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ ഹൗസ് സര്‍ജന്‍ ഡോ. വന്ദന കുത്തേറ്റ് മരിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുത്ത ഹൈക്കോടതി ജസ്റ്റിസ് ദേവന്‍രാമചന്ദ്രന്‍, ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് എന്നിവരുടെ ഡിവിഷന്‍ ബെഞ്ചാണ് ചോദ്യം ഉന്നയിച്ചത്.
സര്‍ക്കാര്‍ നമുക്കൊപ്പമുണ്ടെന്ന് അറിഞ്ഞതില്‍ സന്തോഷമെന്നും നീതിക്കായി സൈബര്‍ ഇടം ഉപയോഗിക്കുന്നവര്‍ പ്രശ്നം സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നവരാണെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു. കോടതിയെ സൈബര്‍ ആക്രമണത്തിന് വിധേയമാക്കി ആനന്ദം കണ്ടെത്തുന്ന ഒരു ചെറിയ വിഭാഗമുണ്ടെന്ന് അറിയാമെന്നും എന്നാല്‍ തങ്ങളുടെ ഉദ്ദേശ്യം വ്യക്തമാണെന്നും ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. സൈബര്‍ യുദ്ധത്തിന്റെ പുതിയ രീതിയെക്കുറിച്ച് തങ്ങള്‍ ബോധവാന്മാരോ, അല്ലെങ്കില്‍ അതിനെ ഗൗരവമായി കാണുന്നോ ഇല്ലെന്നും കോടതി കേസ് പരിഗണിക്കവെ പറഞ്ഞു.
ഡോക്ടര്‍മാര്‍ ഇന്നും പ്രതിഷേധത്തിലാണല്ലേ എന്ന ചോദ്യം ഉന്നയിച്ച ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് ഈ നടപടി ജനങ്ങള്‍ക്ക് വലിയ പ്രതിസന്ധിയുണ്ടാക്കുമെന്നും ആശുപത്രിയില്‍ ജനങ്ങള്‍ കാത്തിരിക്കുന്നതു നോക്കി കണ്ണടക്കാനാവില്ലെന്നും അഭിപ്രായപ്പെട്ടു.
ഓരോ തവണയും ആക്രമണങ്ങള്‍ ന്യായീകരിക്കാന്‍ ശ്രമിക്കുമ്പോള്‍ അത്തരം പ്രവര്‍ത്തികള്‍ ആവര്‍ത്തിക്കുമെന്നും അത് തെറ്റായിരുന്നുവെന്ന് നമ്മള്‍ പറയണമെന്നും അതില്‍ രണ്ടഭിപ്രായം ഇല്ലെന്നും പറ്ഞ്ഞ കോടതി ഒരു കുടുംബവും നഗരവും വേദനിച്ചത് നമ്മള്‍ ഇന്നലെ കണ്ടതല്ലേയെന്ന ചോദ്യവും ഉയര്‍ത്തി.
ഉത്തരവാദിത്വത്തിലിരിക്കുന്നവര്‍ നിരുത്തരവാദപരമായ പ്രസ്താവനകള്‍ നടത്തുമ്പോള്‍ ഡോക്ടര്‍ക്കെതിരായ അതിക്രമം ലഘൂകരിക്കപ്പെടും. കോവിഡ് കാലത്തും ഇത്തരം ആക്രമണങ്ങള്‍ നടന്നിരുന്നു. ഭയാനകമായ കാര്യങ്ങള്‍ സംഭവിക്കുമെന്ന് അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നില്ലേ. ഇത് ആവര്‍ത്തിക്കപ്പെടുന്നത് അനുവദിക്കാനാവില്ലെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.
ഭാവിയില്‍ ഇത് ആവര്‍ത്തിക്കപ്പെടുമോയെന്ന ആശങ്ക പങ്കുവെച്ച കോടതി പോലീസുകാരെയല്ല കുറ്റപ്പെടുത്തുന്നതെന്നും സംവിധാനത്തിന്റെ പരാജയം ഒരു ഡോക്ടറുടെ മരണത്തിന് കാരണമായിരിക്കുന്നതും കേരളത്തില്‍ ഇത്തരമൊന്ന് മുമ്പ് കേട്ടിട്ടില്ലയെന്നും വിശദമാക്കി. കുറ്റവാളി ലഹരിക്ക് അടിമയായിരുന്നെന്നും അഡിക്ഷന്‍ ചികിത്സയിലായിരുന്നുവെന്നും അഭ്യൂഹങ്ങളുണ്ട്. ഡോക്ടര്‍ ജനങ്ങളെ സേവിക്കുകയായിരുന്നുവെന്നും പുലര്‍ച്ചെ മൂന്നു മണിക്ക് അവിടെ സേവനം ചെയ്യാന്‍ ഉണ്ടായിരുന്നുവെന്നും പറഞ്ഞ കോടതി വ്യവസ്ഥിതി അവളെയും നമ്മളെയും അവളുടെ മാതാപിതാക്കളെയും പരാജയപ്പെടുത്തിയെന്നും പറഞ്ഞു. മാപ്പ് പറയുകയല്ലാതെ, നമുക്ക് എന്ത് ചെയ്യാനാവുമെന്ന ചോദ്യവും കോടതി ഉയര്‍ത്തി.
എ. ഡി. ജി. പി അജിത് കുമാര്‍ സംഭവിച്ച കാര്യങ്ങള്‍ കോടതിയില്‍ വിശദീകരിച്ചു. അവിടെ എത്ര പോലീസുകാരുണ്ടായിരുന്നുവെന്ന് കൗസര്‍ എടപ്പഗത്ത് ആരാഞ്ഞു. സന്ദീപ് വന്ദനയെ പിന്തുടരുമ്പോള്‍ പോലീസ് എവിടെയായിരുന്നുവെന്നും കോടതി ചോദിച്ചു. ഇത് പരിശോധിക്കാമെന്ന് അഡ്വ. കണ്ണന്‍ അറിയിച്ചു. മജിസ്ട്രേറ്റുകള്‍ക്ക് പിന്തുടരുന്ന അതേ പ്രോട്ടോക്കോള്‍ തന്നെ ഡോക്ടര്‍മാരുടെ കാര്യത്തിലും പാലിക്കണം. മജിസ്ട്രേറ്റും ആക്രമിക്കപ്പെടുന്ന ദിവസം വിദൂരമല്ല. തുടക്കം മുതല്‍ പന്തികേടുള്ള തരത്തിലാണ് പ്രതി പെരുമാറിയതെന്നാണ് റിപ്പോര്‍ട്ടിലുള്ളതെന്നും കോടതി പറഞ്ഞു. ഇവിടെ ഉത്തരവാദിത്വമാണ് നമ്മുടെ സംസ്ഥാനത്തിന് ഇല്ലാതെ പോയത്. ആ പെണ്‍കുട്ടി എ. ഡി. ജി. പി ആണെന്ന് സങ്കല്‍പ്പിക്കുക. അവള്‍ വളരെ ചെറുപ്പമാണ്. അവള്‍ ഭയപ്പെട്ടുപോയി. അവളെ സഹായിക്കേണ്ട പോലീസ് ഉദ്യോഗസ്ഥര്‍ എവിടെയായിരുന്നുവെന്നും കോടതി ചോദിച്ചു. പോലീസ് ഒരു സൈനികന് സമാനമല്ലേയെന്നും പോലീസുകാരന്‍ കൊല്ലപ്പെടാവുന്ന അപകടകരമായ സാഹചര്യമായാല്‍ പോലും പിന്‍വാങ്ങാന്‍ പാടില്ലന്നും ഇത്തരം സാഹചര്യങ്ങളെ നേരിടാന്‍ യാതൊരു പ്രാവീണ്യവുമില്ലാത്ത ഡോക്ടറെ ഒറ്റയ്ക്കാക്കുകയല്ല വേണ്ടതെന്നും കോടതി നിരീക്ഷിച്ചു. ഡോക്ടറെ 11 തവണ കുത്തിയത് എങ്ങനെയാണ് ന്യായീകരിക്കാനാവുകയെന്ന് അറിയില്ലെന്നും നിങ്ങളെ കുറ്റപ്പെടുത്തുകയല്ല ഇതൊരു തുറന്ന ചര്‍ച്ചയാണെന്നും ഇവിടെ വന്ദനയ്ക്ക് സുരക്ഷിതത്വം നല്‍കേണ്ടിടത്ത് പരാജയപ്പെട്ടുവെന്നും ഇനി ഇത് ആവര്‍ത്തിച്ചുകൂടായെന്നും അതുകൊണ്ടാണ് ആവര്‍ത്തിച്ച് ഉത്തരം നല്‍കാന്‍ ആവശ്യപ്പെടുന്നതെന്നും കോടതി പറഞ്ഞു. എന്താണ് സംഭവിച്ചതെന്നതിന്റെ പോസ്റ്റ്മേര്‍ട്ടമല്ല നമ്മള്‍ ഇവിടെ നടത്തുന്നതെന്നും എ. ഡി. ജി. പിയോട് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.