ഇടുക്കി- ചെറുതോണി ടൗണിലെ മരിയ മെഡിക്കൽസ്ഉടമ പഞ്ഞിക്കാട്ടിൽ ലൈജുവിനെ അജ്ഞാതർ ആഡിഡൊഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. ചൊവ്വാഴ്ച രാത്രി 10.30 ന് ചെറുതോണി ടൗണിനു സമീപം പോലീസ് സ്റ്റേഷൻ ജംഗ്ഷനിൽ വച്ചാണ് ആക്രമണമുണ്ടായത്. രാത്രി 10.30 നാണ് ലൈജു കടയടച്ച് വീട്ടിലേക്ക് മടങ്ങിയത്. ചെറുതോണി തീയേറ്ററിനു സമീപമെത്തിയപ്പോൾ പിന്നാലെ വന്ന ബൈക്ക് യാത്രികർ ഹോണടിച്ചു. വിവരമറിയുന്നതിന് ലൈജു കാർനിർത്തി.
ബൈക്കിൽ നിന്നിറങ്ങിയ യാത്രക്കാർ ലൈജുവിനടുത്തുവന്ന് നാളെ എപ്പോഴാണ് കട തുറക്കുന്നതെന്ന് ചോദിച്ചു. ഈ സമയം ലൈജു കാറിന്റെ ചില്ല് താഴ്ത്തിയ ഉടൻ തന്നെ ഇവരുടെ കൈവശം ബക്കറ്റിൽ സൂക്ഷിച്ചിരുന്ന ആസിഡ് ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു. ഇതിനുശേഷം അക്രമികൾ സ്ഥലം വിട്ടു. സമീപത്തെ വീട്ടുകാർ ലൈജുവിനെ ഇടുക്കി മെഡിക്കൽ കോളജിലെത്തിച്ചു. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായി പോലീസ് പറഞ്ഞു.