തൊടുപുഴ- പട്ടാപ്പകൽ നഗരത്തിലെ രണ്ടു ക്ഷേത്രങ്ങളിൽ മോഷണം നടത്തിയത് കുട്ടിക്കള്ളനെന്ന് പോലീസ്. ക്ഷേത്രങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് 13 കാരനാണ് മോഷണം നടത്തിയതെന്ന് കണ്ടെത്തിയത്. ആനക്കൂട് മുല്ലയ്ക്കൽ ധർമ ശാസ്താ ക്ഷേത്രം, വെങ്ങല്ലൂർ നടയിൽക്കാട് ക്ഷേത്രം എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിവസം കവർച്ചയും മോഷണ ശ്രമവും നടന്നത്. ആനക്കൂട് ക്ഷേത്രത്തിൽ കയറിയ മോഷ്ടാവ് ഓഫീസിനുള്ളിൽ കയറി താക്കോൽ എടുത്ത് കാണിക്കവഞ്ചി തുറന്ന് പണം അപഹരിക്കുകയായിരുന്നു. വെങ്ങല്ലൂർ നടയിൽക്കാവ് ക്ഷേത്രത്തിൽ കാണിക്കവഞ്ചി അടിച്ചു തകർക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തൊടുപുഴ എസ്.എച്ച്.ഒ വി. സി വിഷ്ണുകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് വിദ്യാർഥിയായ മോഷ്ടാവിനെ തൊടുപുഴക്കു സമീപ പഞ്ചായത്തിലെ ഒരു വീട്ടിൽ നിന്നും കണ്ടെത്തിയത്. ഒരു മാസം മുമ്പ് ഉടുമ്പന്നൂരിൽ നിന്നും സൈക്കിൾ മോഷ്ടിച്ചു കടത്തിയതും പതിമൂന്നുകാരൻ തന്നെയാണെന്ന് പോലീസ് പറഞ്ഞു. കുട്ടി മോഷ്ടാവിനെ ജുവനൈൽ ജസ്റ്റിസ് ബോർഡിനു മുന്നിൽ ഹാജരാക്കി.