വാഷിംഗ്ടണ്‍- ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ജൂണ്‍ 22ന് യു. എസ് സന്ദര്‍ശിക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ഇന്ത്യയും യു. എസും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതായിരിക്കും സന്ദര്‍ശനമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീന്‍ ജീന്‍ പിയറി പ്രസ്താവനയില്‍ പറഞ്ഞു.
യു. എസ് പ്രസിഡന്റ് ജോ ബൈഡന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അമേരിക്കന്‍ ഐക്യനാടുകളിലെ ഔദ്യോഗിക സന്ദര്‍ശനത്തിന് ആതിഥേയത്വം വഹിക്കും. ഔദ്യോഗിക ഡിന്നര്‍ ഉള്‍പ്പെടെയുള്ള യു. എസ് സന്ദര്‍ശനം ജൂണ്‍ 22നാണുണ്ടാവുക.
സന്ദര്‍ശനം അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ശക്തമായ പങ്കാളിത്തം ഉറപ്പിക്കുമെന്ന് കരീന്‍ ജീന്‍ പിയറി അറിയിച്ചു.
പ്രതിരോധം, ശുദ്ധമായ ഊര്‍ജം, ബഹിരാകാശം എന്നിവയുള്‍പ്പെടെ ഇരുരാജ്യങ്ങളുടേയും തന്ത്രപരമായ സാങ്കേതിക പങ്കാളിത്തം ഉയര്‍ത്താനുള്ള വഴികള്‍ തേടുന്നതിനോടൊപ്പം വിദ്യാഭ്യാസ വിനിമയങ്ങളും ജനങ്ങളുമായുള്ള ബന്ധം കൂടുതല്‍ വിപുലീകരിക്കാനുള്ള വഴികളും കാലാവസ്ഥാ വ്യതിയാനം, തൊഴില്‍ ശക്തി വികസനം, ആരോഗ്യ സുരക്ഷ എന്നിവയില്‍ നിന്നുള്ള പൊതുവായ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിന് ഒരുമിച്ചുള്ള പ്രവര്‍ത്തനവും ചര്‍ച്ച ചെയ്യും.