കണ്ണൂര്‍ - ഉറങ്ങുകയായിരുന്ന യുവതിയെ ഭര്‍ത്താവ് കഴുത്തറുത്തു കൊലപ്പെടുത്തി. പെരളശ്ശേരി മാവിലായി കുഴിക്കലായിയിലെ ശ്രീലത(42)യാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് പനത്തറ പ്രദീപനെ(46) പോലീസ് കസ്റ്റഡിയിലെടുത്തു.പുലര്‍ച്ചെയാണ് നാടിനെ നടുക്കിയ കൊലപാതകം.
കിടപ്പു മുറിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ശ്രീലതയെ കൊടുവാള്‍ കൊണ്ട് കഴുത്തിനു വെട്ടുകയായിരുന്നു. മക്കളുടെ കരച്ചില്‍ കേട്ട് അയല്‍വാസികള്‍ എത്തിയപ്പോഴേക്കും ശ്രീലത മരിച്ചിരുന്നു. കഴുത്തിനു മാകരമായ മൂന്നു വെട്ടേറ്റിരുന്നു. വെട്ടാനുപയോഗിച്ച കൊടുവാള്‍ വീടിനു സമീപത്തെ തോട്ടില്‍ ഉപേക്ഷിച്ചു. പ്രദീപനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പിക്കുകയായിരുന്നു.
19 വര്‍ഷം മുമ്പാണ് പ്രദീപന്‍, ശ്രീലതയെ വിവാഹം ചെയ്തത്. ഇവരുടേത് പ്രണയ വിവാഹമായിരുന്നു. പ്രദീപന്റെ തറവാട് വീടിനു സമീപം പുതിയ വീടുവെച്ചാണ് ഇവര്‍ താമസിക്കുന്നത്. അടുത്തിടെയായി പ്രദീപനും ശ്രീലതയും തമ്മില്‍ നിരന്തരം വഴക്കായിരുന്നുവെന്ന് പറയുന്നു. കഴിഞ്ഞ ദിവസം പോലീസ് പ്രശ്‌നം സംസാരിച്ചു തീര്‍ത്തിരുന്നുവെങ്കിലും കഴിഞ്ഞ രാത്രി ഏറെ വൈകിയും ഇവര്‍ തമ്മില്‍ വഴക്കുണ്ടായിരുന്നു. വെട്ടാനുള്ള കൊടുവാള്‍ കരുതി വെച്ചാണ് പ്രദീപന്‍ ഉറങ്ങാന്‍ കിടന്നത്. പുലര്‍ച്ചെ മൂന്ന് മണിയോടെ ഇതുപയോഗിച്ച് ഭാര്യയെ വെട്ടുകയായിരുന്നു. കൂലി വേലക്കാരാനാണ് പ്രദീപന്‍.
പിണറായി പാറപ്രത്തെ പരേതനായ അച്യുതന്റെയും നാരായണിയുടെയും മകളാണ് ശ്രീലത. ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനികളായ ശ്രദ്ധ, ശ്രേയ എന്നിവര്‍ മക്കളാണ്. എടക്കാട് പോലീസ് പ്രതിയെ ചോദ്യം ചെയ്തുവരികയാണ്. കൊലക്കുപയോഗിച്ച ആയുധം കണ്ടെത്തുന്നതിനു തെരച്ചില്‍ നടത്തി വരുന്നു.