റിയാദ്- സൗദിയിൽ പരിഷ്‌കരിച്ച മൂന്ന് ടേമുകളായുള്ള സ്‌കൂൾ കലണ്ടർ രീതി ഉദ്ദേശിച്ച ഫലം നൽകുന്നില്ലെന്നും പഴയയതു പോലെ രണ്ട് ടേമുകളിലേക്കു മാറണമെന്നും നിരവധി രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു. മൂന്നു ടേമുകളായുള്ള പഠന രീതിയെ കുറിച്ചു പഠിക്കാനുള്ള ശൂറാകൗൺസിൽ നിർദേശം പുറത്തു വന്നതോടെയാണ് അഭിപ്രായ പ്രകടനങ്ങളുമായി രക്ഷിതാക്കൾ രംഗത്തു വന്നത്. പാഠ്യ വിഷയങ്ങളുമായുള്ള കുട്ടികളുടെ ബന്ധം നഷ്ടപ്പെടുത്തുന്ന തരത്തിലുള്ള നീണ്ട വാർഷികാവധി ഒഴിവാക്കി ദീർഘകാലമായി രാജ്യത്തു നിലവിലുണ്ടായിരുന്ന രണ്ടു ടേം കലണ്ടറിനു പകരം മൂന്നു ടേമുകളായി നിശ്ചയിക്കുകയായിരുന്നു. ഓരോ ടേമിലും ഒന്നര മാസം കൂടുമ്പോൾ വാരാന്ത്യ അവധിയോടൊപ്പം രണ്ടു ദിവസങ്ങൾ കൂടി ചേർത്ത് അവധിനൽകി ആനന്ദകരമായ പഠനരീതിയെന്നതായിരുന്നു വിദ്യാഭ്യാസ മന്ത്രാലയം ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ഇതു ഫലവത്തല്ലെന്ന് ഇഖ്തിസാദിയ്യയിലെ എഡിറ്ററും രക്ഷിതാവുമായ മുഹമ്മദ് അൽ യാമി പറഞ്ഞു.