തൃശൂര്‍-സ്വര്‍ണവില ഓരോ ദിവസവും ഉയരുന്ന സാഹചര്യമാണുള്ളത്. കഴിഞ്ഞ മാസം സ്വര്‍ണത്തിന്റെ പവന്‍ വില 44000 രൂപയില്‍ ആയിരുന്നു. എന്നാല്‍ മെയ് മാസത്തില്‍ സ്വര്‍ണവില 45000ത്തിലാണ് ചാഞ്ചാടുന്നത്. ഇങ്ങനെ പോയാല്‍ അടുത്ത മാസം 46000ത്തിലാകുമെന്ന് അനുമാനിക്കാം. മെയ് ഒന്നിന് 44560 രൂപയുണ്ടായിരുന്ന സ്വര്‍ണവില 10 ദിവസം പിന്നിടുമ്പോള്‍ ആയിരം രൂപ വര്‍ധിച്ചിരിക്കുകയാണ്. ഇന്ന് സ്വര്‍ണം ഒരു പവന് കേരളത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള വില 45560 രൂപയാണ്. കഴിഞ്ഞ ദിവസം 45360 രൂപയായിരുന്നു. പവന് 200 രൂപയാണ് ഇന്ന് കൂടിയത്. ഓരോ ദിവസവും നേരിയ തോതിലുള്ള വിലവര്‍ധനവാണ് രേഖപ്പെടുത്തുന്നതാണ്. ഈ മാസം പത്ത് ദിവസം പൂര്‍ത്തിയാകുമ്പോള്‍ 1000 രൂപ വര്‍ധിച്ചു. അതായത് ദിവസം നൂറ് രൂപയാണ് ശരാശരി കൂടിയത്.സ്വര്‍ണത്തോടുള്ള ഭ്രമം ഒഴിവാക്കാന്‍ സമയമായി എന്ന് ശരാശരി മലയാളിയെ ഓര്‍മിപ്പിക്കുകയാണ് വിപണിയിലെ പ്രവണത. എന്തിനും ഏതിനും സ്വര്‍ണത്തെ ആഘോഷത്തോട് ചേര്‍ക്കുമ്പോള്‍ പോക്കറ്റ് കാലിയാകുമെന്ന് മാത്രമല്ല കടക്കാരനാകാനും സാധ്യത ഏറെയാണ്.