മലപ്പുറം- കൊല്ലത്ത് ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ പോലീസിന് ഗുരുതരമായ അനാസ്ഥ സംഭവിച്ചിട്ടുണ്ടെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. അക്രമാസക്തനായ ഒരാളെ ഡോക്ടറുടെ അടുത്ത് കൊണ്ടുപോകുന്നതിന് മുൻകരുതൽ എടുക്കണം. അതില്ലാതെയാണ് പ്രതിയെ ഡോക്ടറുടെ അടുത്തുകൊണ്ടുപോയത്. ദുരന്തങ്ങൾ ആവർത്തിച്ചുകൊണ്ടിരിക്കുക എന്നത് സർക്കാറിന്റെ കാര്യക്ഷമതയില്ലായ്മയാണ് കാണിക്കുന്നത്. ദുരന്തങ്ങൾ ഭാവിയിൽ ആവർത്തിക്കാതിരിക്കാനുള്ള നടപടികളാണ് ജനം പ്രതീക്ഷിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാറിന്റെ ഉത്തരവാദിത്വമാണ് കാര്യക്ഷമമായ ഭരണം. ജനങ്ങൾ പ്രതീക്ഷിക്കുന്നത് സർക്കാറിൽനിന്ന് നീതിപൂർവ്വകമായ സമീപനമാണ്. ഡോക്ടറെ കുത്തിക്കൊന്നു എന്നത് കേരളത്തിന്റെ മനസാക്ഷിക്കേറ്റ കുത്താണ്. ഒരു കാലത്തും ഉണങ്ങാത്ത മുറിവ്. സത്യത്തിൽ മരിച്ചത് ഡോക്ടറല്ല, നമ്മളാണ്. ആർക്കും എന്തും ചെയ്യാമെന്ന അവസ്ഥ ഉണ്ടാകരുത്. സർക്കാർ ഉണർന്നു പ്രവർത്തിക്കുന്നില്ലെങ്കിൽ തീർച്ചയായും ഇതിന് എതിരെ മുസ്ലിം ലീഗ് പ്രക്ഷോഭത്തിലുണ്ടാകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
താനൂരിൽ ബോട്ട് അപകടമുണ്ടാക്കിയ ബോട്ടിന് എങ്ങനെ അനുമതി ലഭിച്ചുവെന്നത് കൃത്യമായി അന്വേഷിക്കണം. പ്രതിക്ക് ഉന്നതതല സഹായം ലഭിച്ചിട്ടുണ്ടോ എന്ന കാര്യം അന്വേഷിക്കണം. ജുഡീഷ്യൽ അന്വേഷണം സമയബന്ധിതമായി തീർക്കണം എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഗുണ്ടായിസമാണ് കേരളത്തില്‍ നടക്കുന്നത്. ഇത് അടിച്ചമര്‍ത്തണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.