താനൂര്‍-പൂരപ്പുഴയില്‍ വീണ്ടും വിനോദസഞ്ചാര ബോട്ട് മുങ്ങി. നിറമരുതൂര്‍ കാളാട് സ്വദേശി ചാരാത്ത് നിസാറിന്റെ ഉടമസ്ഥതയിലുള്ള ബോട്ടാണ് മുങ്ങിയത്. കഴിഞ്ഞ ദിവസം അപകടം നടന്ന സ്ഥലത്തു നിന്നു 350 മീറ്റര്‍ മാറിയാണ് സംഭവം. ഇന്നലെ രാവിലെ 11 വരെ യാതൊരു കുഴപ്പവുമില്ലാതെ നങ്കൂരമിട്ട് നിര്‍ത്തിയതായിരുന്നു ബോട്ട്. ഉച്ചയ്ക്ക് രണ്ടിനു ശേഷമാണ് സംഭവമെന്ന് പ്രദേശവാസികള്‍ പറയുന്നു. പ്രദേശത്ത് കളിച്ചു കൊണ്ടിരിക്കുന്ന കുട്ടികളാണ് സംഭവം കണ്ടത്. ഉടന്‍ ഉടമയെ വിവരമറിയിക്കുകയായിരുന്നു. ഫിറ്റ്‌നസ്, ലൈസന്‍സ് എന്നിവ ലഭിച്ച് ഒരു മാസം മുമ്പ് മുതലാണ് സര്‍വീസ് ആരംഭിച്ചതെന്നും ബോട്ട് തകര്‍ത്തതാകാനാണ് സാധ്യതയെന്നും ഉടമയായ നിസാര്‍ പറയുന്നു. 20 പേര്‍ക്ക് പോകാവുന്ന ബോട്ടാണ് മുങ്ങിയത്. എന്‍ജിന്‍, ഫര്‍ണിച്ചര്‍ എന്നിവ നശിച്ച നിലയിലാണ്. കഴിഞ്ഞ ദിവസമുണ്ടായ അപകടത്തില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തിരുന്നതായും അതിന് ശേഷമാണ് പ്രദേശത്ത് നങ്കൂരമിട്ടതെന്നും നിസാര്‍ പറഞ്ഞു. താനൂര്‍ എസ്‌ഐ ആര്‍.ഡി കൃഷ്ണലാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവസ്ഥലം സന്ദര്‍ശിച്ചു.