നിലമ്പൂർ- മലയോര മേഖലയായ കരുവാരക്കുണ്ട് പറയൻമാട് തുണ്ടുവനത്തിൽ നിന്നു കൂട്ടം തെറ്റി എത്തിയ കാട്ടാനകൾ നാട്ടുകാരെ ഭീതിയിലാക്കിയത് മണിക്കൂറുകളോളം. കാട്ടാനകളുടെ ആക്രമണത്തിൽ രണ്ടു പേർക്കു പരിക്കേറ്റു. വനത്തിൽ നിന്നു പതിനാറ് കിലോമീറ്ററിലധികം സഞ്ചരിച്ചാണ് കാട്ടാനകൾ തുവൂർ വെള്ളോട്ടുപാറ വരെ എത്തിയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് ആനകൾ കാട്ടിലേക്ക് മടങ്ങിയത്. ചൊവ്വാഴ്ച്ച പുലർച്ചെ പറയൻമാട് കാടിറങ്ങിയ ആനക്കൂട്ടത്തിൽ നിന്നു രണ്ടു പിടിയാനകളാണ് കരുവാരകുണ്ട് പുന്നക്കാട് ടൗണിനടുത്ത ഭവനംപറമ്പ് ക്ഷേത്രത്തിനു സമീപം വഴി കൃഷിയിടങ്ങളിലൂടെ കൃഷിനാശം വരുത്തിയും വീടുകൾക്ക് മുന്നിലൂടെയും സഞ്ചരിച്ച ആനകൾ തുവൂർ ടൗണിനു സമീപത്തെ വെള്ളോട്ടുപാറയിലെ ഒരു റബർ തോട്ടത്തിൽ നിലയുറപ്പിക്കുകയായിരുന്നു. പിന്നീട് വനപാലകർ, പോലീസ്, നാട്ടുകാർ, ട്രോമാകെയർ എന്നിവർ ചേർന്ന് ഇവിടെ നിന്ന് തെക്കുംപുറം റോഡും റെയിൽപാതയും മുറിച്ച് കടത്തി ആനകളെ നായാടിപാറയിലെത്തിച്ചു. അപകടം മുന്നിൽ കണ്ട് വനംവകുപ്പും പോലീസും ആനകളുടെ സഞ്ചാരപാതയിലുള്ളവർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. നായാടിപാറയിൽ നിന്നു കൃഷിഭൂമികളിലൂടെ ഒലിപ്പുഴയും കടന്ന് ഇരിങ്ങാട്ടിരിയിലെത്തിയ ആനകൾ സംസ്ഥാന പാതയിലൂടെ പറയൻമാട്മല കയറി. എട്ട് മണിക്കൂർ നേരമാണ് ആനകൾ നാടിനെ വിറപ്പിച്ചത്. ആറുമാസം മുമ്പു ഇരിങ്ങാട്ടിരിയിൽ റോഡ് മുറിച്ചെത്തി മൂന്ന് ആനകൾ കൃഷിയിടത്തിൽ കുടുങ്ങിയിരുന്നു. വർഷങ്ങൾക്ക് മുമ്പു ഒറ്റയാൻ വഴിതെറ്റി തുവൂർ മാതോത്ത് വരെ എത്തിയ സംഭവവും ഉണ്ടായിട്ടുണ്ട്.
അതിനിടെ കാട്ടാനകളുടെ ആക്രമണത്തിൽ രണ്ടു പേർക്കു പരിക്കേറ്റു. പൂളമണ്ണ സ്വദേശി കക്കാട് ഉണ്ണികൃഷ്ണൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ വിപിൻരാജ് എന്നിവർക്കാണ് പരിക്കേറ്റത്. ഇതിനു പുറമെ ഒരു വീടിനും ആനകൾ നാശം വരുത്തി. വെള്ളോട്ടുപാറയിലെ റബർതോട്ടത്തിൽ നിന്നാണ് ഉണ്ണികൃഷ്ണന് പരിക്കേറ്റത്. ആനയെ വനപാലകർ തുരത്തുന്നതിനിടെ ഉണ്ണികൃഷ്ണൻ ഉൾപ്പെട്ട ആൾകൂട്ടത്തിന് നേരെ ആന ഓടിയടുക്കുകയായിരുന്നു. ഇതിനിടയിൽ വേലിക്കമ്പിയിൽ തട്ടി നിലത്ത് വീണ ഉണ്ണികൃഷ്ണനെ ആന വീണ്ടും ആക്രമിക്കാൻ ശ്രമിച്ചെങ്കിലും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നുവെന്നു ഒപ്പമുണ്ടായിരുന്നവർ പറഞ്ഞു. ബീറ്റ് ഫോറസ്റ്റ് ഓഫീസർ വിപിൻരാജിന് തെക്കുംപുറത്ത് വച്ചാണ് പരിക്കേൽക്കുന്നത്. ആന ഓടിക്കുന്നതിനിടെ വീണാണ് ഇദ്ദേഹത്തിന് പരിക്കേറ്റത്. പറയൻമാട് മലയിലേക്ക് മടങ്ങുന്നതിനിടെ ആനകൾ ഇരിങ്ങാട്ടിരിയിൽ ഒരു വീടിനും നാശം വരുത്തി. വാക്കയിൽ കുഞ്ഞാന്റെ വീടിനാണ് ആനകൾ കേടുപാടുകൾ വരുത്തിയത്. ആനകളുടെ സഞ്ചാരപാതയിൽ ലക്ഷക്കണക്കിനു രൂപയുടെ കൃഷിനാശവും വരുത്തിയിട്ടുണ്ട്.