മലപ്പുറം - താനൂരില്‍ 22 പേരുടെ മരണത്തിനിടയാക്കിയ ബോട്ടപകടത്തില്‍ ബോട്ടുടമ നാസറിനെ കോടതി റിമാന്‍ഡ് ചെയ്തു. പരപ്പനങ്ങാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് വിപില്‍ ദാസിന് മുന്‍പാകെ ഹാജരാക്കിയ നാസറിനെ തിരൂര്‍ സബ്ബ് ജയിലിലേക്ക് റിമാന്റ് ചെയ്യുകയായിരുന്നു. പ്രതിയെ കോടതിയില്‍ കൊണ്ടു വരുന്നതറിഞ്ഞ് നൂറ് കണക്കിനാളുകള്‍ കോടതി പരിസരത്ത് തടിച്ചു കൂടിയിരുന്നു. വലിയ ജനരോഷമാണ് നാസറിനെതിരെ ഉയര്‍ന്നത്. ഇന്നലെ കോഴിക്കോട് നഗരത്തില്‍ നിന്ന് പിടിയിലായ നാസറിന്റെ അറസ്റ്റ് ഇന്ന് രാവിലെയാണ് രേഖപ്പെടുത്തിയത്. നാസറിനെതിരെ ജനരോഷം ഉണ്ടാകുമെന്ന് അറിയാവുന്നതിനാല്‍ ഇയാളെ താനൂര്‍ സ്റ്റേഷനില്‍ എത്തിച്ചിരുന്നില്ല. നാസറിനെ കൊണ്ടുവരുമെന്ന് കരുതി നിരവധി ആളുകളാണ് താനൂര്‍ പോലീസ് സ്‌റ്റേഷന് മുന്നില്‍ തടിച്ചു കൂടിയിരുന്നത്.