Sorry, you need to enable JavaScript to visit this website.

ഉപേക്ഷിച്ച കാലിക്കുപ്പിയുടെ പേരിൽ ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്യുന്ന മന്ത്രി താനൂരിൽ പരാതി കിട്ടിയിട്ടും ഒന്നും ചെയ്തില്ല-യൂത്ത് ലീഗ്

മലപ്പുറം- താനൂർ ബോട്ടപകടത്തിന് കാരണക്കാരായ മുഴുവൻ ആളുകളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്. ബോട്ടുടമയെ മാത്രം പ്രതിയാക്കിയതുകൊണ്ടോ ഉദ്യോഗസ്ഥരുടെ തലയിൽ മാത്രം പാപഭാരം കയറ്റിവെച്ചതുകൊണ്ടോ കാര്യമില്ലെന്നും ബോട്ടുടമക്ക് ഒത്താശ ചെയ്തവരെയും വിചാരണയ്ക്ക് വിധേയമാക്കണമെന്നും ഫിറോസ് ആവശ്യപ്പെട്ടു. ബോട്ടുടമക്ക് മന്ത്രിമാരുമായുള്ള ബന്ധത്തിന്റെയും ഉദ്യോഗസ്ഥരുമായി വിനിമയം നടത്തി നിയമവിരുദ്ധ കാര്യങ്ങൾ സാധിച്ചെടുത്തതിന്റെമൊക്കെ തെളിവുകളും ഇതിനോടകം പുറത്ത് വന്നതായും ഫിറോസ് പറഞ്ഞു. 

22 പേരുടെ ജീവൻ നഷ്ടമായി. എന്ത് നൽകിയാലും അവരുടെ ജീവന് പകരമാവില്ല. മരണ ദിവസം പാലിക്കേണ്ട മര്യാദകളും ആദരവുകളും എല്ലാം പാലിച്ച് നാട്ടുകാരും സാമൂഹിക രാഷ്ട്രീയ നേതൃത്വവും എല്ലാം ചേർന്ന് അവർക്ക് വിട നൽകി. മുസ്‌ലിം ലീഗ് ഈ നാട്ടിലെ സംവിധാനത്തോടൊപ്പം ചേർന്ന് രക്ഷാ പ്രവർത്തനങ്ങളിലും അനുബന്ധ കാര്യങ്ങളിലും പങ്കുചേർന്നു. അവരുടെ വീട് നിർമാണത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും ചെലവുകൾ വഹിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.  
അതൊരു സ്വാഭാവിക ദുരന്തമായിരുന്നില്ല. പലരുടെയും അനാസ്ഥയും അത്യാർത്തിയും അങ്ങനെയൊരു ദുരന്തത്തിൽ കലാശിച്ചു. അവരുടെ മരണത്തിന് ഉത്തരവാദികൾ ആയവരെ കൂടി വിചാരണയ്ക്ക് വിധേയമാക്കുമ്പോഴാണ് മരണപ്പെട്ടു പോയവർക്ക് ഈ ഭൂമിയിൽ ജീവിച്ചിരിക്കുന്നവർ പാലിച്ചു നൽകേണ്ട നീതിയുടെ അല്പമെങ്കിലും ആവൂ.
ഇപ്പോൾ വരുന്ന വാർത്തകളും നാട്ടുകാരുടെ വെളിപ്പെടുത്തലുകളും തികഞ്ഞ ഗൗരവത്തോടെ തന്നെയാണ് കാണേണ്ടത്. എല്ലാ അർത്ഥത്തിലും നിയമം ലംഘിച്ച് സർവ്വീസ് നടത്തിയിരുന്ന ഈ ബോട്ടിനെ കുറിച്ച് പോലീസിന് നേരത്തെ അറിയാമായിരുന്നു. നാട്ടുകാർ കളക്ടർ ഉൾപ്പെടെയുള്ള അധികാരികളുടെ മുന്നിൽ നിരന്തരം പരാതി നൽകിയിരുന്നു. ഇതൊക്കെ ആരാണ് അട്ടിമറിച്ചത്? അനുമതിയില്ലാതെ നിർമ്മാണം നടത്തിയ ഈ ഫിഷിംഗ് ബോട്ടിന് അനുമതി നൽകാൻ മറൈൻ സി.ഇ.ഒ കണ്ട വഴി പതിനായിരം രൂപ പിഴയിട്ടു ക്രമപ്പെടുത്തുക എന്നതാണ്. ഒട്ടും രാഷ്ട്രീയ സ്വാധീനം കൂടാതെ ഇങ്ങനെയൊരു ചട്ടലംഘനം സാധ്യമാകുമെന്ന് കരുതുന്നില്ല.
സ്ഥലത്തെ മന്ത്രിക്കും ടൂറിസം മന്ത്രിക്കും പരാതി ലഭിച്ചു. ആരോ ഉപേക്ഷിച്ചിട്ട് പോയ കാലിക്കുപ്പിയുടെ പേരിൽ ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്ത ടൂറിസം മന്ത്രി പക്ഷേ നേരിട്ട് പരാതി ലഭിച്ചിട്ടും ഒന്നും ചെയ്തില്ല. ബോട്ടിന് ലൈസൻസില്ലാത്ത കാര്യം ശ്രദ്ധയിൽ പെടുത്തിയ പരാതിക്കാരനോട് സ്ഥലത്തെ മന്ത്രി പറഞ്ഞത് ലൈസൻസില്ലെന്നത് നീയാണോ തീരുമാനിക്കുന്നത് എന്നാണ് എന്ന് പരാതിക്കാരൻ പറയുകയുണ്ടായി.

അനധികൃതമായ ബോട്ട് സർവ്വീസുകളെ കുറിച്ചും അത് വരുത്തി വെച്ചേക്കാവുന്ന അപകടങ്ങളെ കുറിച്ചും ജില്ലാ സമിതികളിലും അല്ലാതെയുമൊക്കെ ലീഗ് എം.എൽ.എമാർ നിരന്തരം ഉണർത്തി ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെടുത്തിയതാണ്. എന്നിട്ടും ഒരു നടപടിയുമുണ്ടായില്ല.
താനൂർ ബോട്ടപകടം തികഞ്ഞ ഉത്തരവാദിത്തരാഹിത്യത്തിൽ നിന്ന് ഉണ്ടായതാണ്. അപകടത്തിന് കാരണക്കാരായ എല്ലാത്തരം കുറ്റവാളികളെയും കണ്ടെത്തണം. മരണപ്പെട്ടവർക്ക് നീതി സാധ്യമാവണം.
 

Latest News