ജിദ്ദ- അർജന്റീനിയൻ സൂപ്പർ താരം ലയണൽ മെസ്സി അടുത്ത സീസണിൽ സൗദി അറേബ്യൻ ലീഗിൽ കളിക്കുമെന്ന് വാർത്താ ഏജൻസിയായ എ.എഫ്.പി റിപ്പോർട്ട്. വൻ തുകക്കാണ് കരാർ ഒപ്പിട്ടതെന്ന് ചർച്ചകളിൽ പങ്കെടുത്ത ഒരാളെ ഉദ്ധരിച്ചാണ് എ.എഫ്.പി റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, ഇതുസംബന്ധിച്ച് ഇതേവരെ ഔദ്യോഗിക വിവരങ്ങളില്ല. മെസ്സിയുമായി കരാർ ഒപ്പിട്ടുവെന്നും അടുത്ത സീസണിൽ അദ്ദേഹം സൗദി അറേബ്യയിൽ കളിക്കുമെന്ന് ക്ലബിന്റെയും തന്റെയും പേര് വെളിപ്പെടുത്താതെ ഉറവിടം എ.എഫ്.പിയോട് വ്യക്തമാക്കി.
'കരാർ അസാധാരണമാണെന്നും വൻ തുകയ്ക്കാണ് കരാർ ഒപ്പിട്ടതെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങൾ ചില ചെറിയ വിശദാംശങ്ങൾ മാത്രമാണ് വെളിപ്പെടുത്തുന്നതെന്നും മാധ്യമങ്ങളോട് സംസാരിക്കാൻ അധികാരമില്ലാത്ത ഉറവിടം കൂട്ടിച്ചേർത്തു. ജൂൺ 30വരെ മെസ്സി നിലവിലുള്ള ക്ലബ്ബായ പി.എസ്.ജിയിൽ തുടരും. മെസ്സിയുമായുള്ള കരാർ പി.എസ്.ജി പുതുക്കാൻ തീരുമാനിക്കുന്നുണ്ടെങ്കിൽ അത് ഇതിനോടകം തന്നെ ചെയ്യുമായിരുന്നുവെന്നാണ് മെസ്സിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ വ്യക്തമാക്കുന്നത്.
35 കാരനായ മെസ്സിയെ ഖത്തറിന്റെ ഉടമസ്ഥതയിലുള്ള പി.എസ.്ജി കഴിഞ്ഞയാഴ്ച സൗദിയിലേക്കുള്ള അനുമതിയില്ലാത്ത യാത്രയുടെ പേരിൽ സസ്‌പെൻഡ് ചെയ്തിരുന്നു. അടുത്ത ജൂണിൽ 36 വയസ്സ് തികയുന്ന മെസ്സി, നാല് ചാമ്പ്യൻസ് ലീഗും 10 ലാ ലിഗ കിരീടങ്ങളും നേടിയ ബാഴ്‌സലോണയിലെ മഹത്തായ കാലഘട്ടത്തിന് ശേഷമാണ് പി.എസ്.ജിയിൽ എത്തിയത്.