റിയാദ്- ക്രെഡിറ്റ് കാർഡുപയോഗിച്ചു പർച്ചേസ് ചെയ്യുന്ന ചരക്കുകൾ ന്യൂനത കാരണമോ മറ്റോ ഉപഭോക്താക്കൾക്കൾക്കു തിരിച്ചു കൊടുക്കേണ്ടി വന്നാൽ മടക്കിയെടുക്കാൻ വിസമ്മതിക്കുന്നത് ശിക്ഷാർഹമായിരിക്കുമെന്ന് സൗദി വാണിജ്യമന്ത്രാലയം മുന്നറിയിപ്പു നൽകി. ക്രെഡിറ്റ് കാർഡുപയോഗിച്ചു പർച്ചേസ് ചെയ്യുന്ന സാധങ്ങൾ ഉപഭോക്താക്കൾക്കു താൽപര്യമില്ലാത്തതിനാൽ തിരിച്ചു കൊടുക്കാൻ ശ്രമിച്ചിട്ടും ചില വ്യാപാരികൾ വിസമ്മതിച്ചതായി പരാതികൾ ലഭിച്ചതോടെയാണ് വാണിജ്യ മന്ത്രാലയത്തിന്റെ വിശദീകരണം. സമാന അനുഭവങ്ങൾക്ക് വിധേയരാകുന്നവർക്ക് 1900 എന്ന നമ്പറിലേക്ക് തങ്ങളുടെ പരാതികൾ മെസേജ് ആയി അയക്കാമെന്ന് വാണിജ്യ മന്ത്രാലയം ടീറ്റു ചെയ്തു. ക്രെഡിറ്റ് കാർഡ് ഇടപാടുകൾ സ്വീകരിക്കുന്നുവെന്ന ബോർഡ് സ്ഥാപിച്ചിട്ടുള്ള സ്ഥാപനങ്ങൾ ക്രെഡിറ്റ് കാർഡുപയോഗിച്ച് പർച്ചേസ് ചെയ്താൽ തിരിച്ചെടുക്കില്ലെന്ന്് നിബന്ധന വെക്കുന്നത് ന്യായമല്ലെന്നും വാണിജ്യ മന്ത്രാലയം ടീറ്റ് ചെയ്ത പ്രസ്താവനയിൽ പറയുന്നു.