Sorry, you need to enable JavaScript to visit this website.

ഒന്നു ശ്രദ്ധിച്ചാൽ മതി, മുപ്പതിനായിരം മരണങ്ങൾ ഒഴിവാക്കാം-താനൂർ അപകടത്തിൽ പശ്ചാത്തലത്തിൽ മുരളി തുമ്മാരുകുടിയുടെ പോസ്റ്റ്

കഴിഞ്ഞ ദിവസം താനൂരിലെ തൂവൽ തീരത്തുണ്ടായ ബോട്ടപകടം സംബന്ധിച്ച് മുരളി തുമ്മാരുകുടി എഴുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലായിരുന്നു. കേരളത്തിൽ ഇനിയും അപകടം സംഭവിക്കുമെന്നും അത് ഒഴിവാക്കാൻ മാർഗ്ഗങ്ങളുണ്ടെന്നും മുരളി തുമ്മാരുകുടിയുടെ പുതിയ കുറിപ്പ് വായിക്കാം.

ഞായറാഴ്ച രാത്രി മുതൽ ഫോൺ നിലക്കാതെ ബെല്ലടിക്കുകയാണ്. മാധ്യമങ്ങളിൽ നിന്നാണ്. തൂവൽ തീരത്തെ ബോട്ടപകടത്തിന്റെ സാഹചര്യത്തിലാണ് 
കേരളത്തിൽ ഒരു മേജർ ഹൗസ് ബോട്ട് അപകടം ഉണ്ടാകുമെന്നും അതിൽ പത്തിലേറെ പേർ മരിക്കുമെന്നും ഞാൻ ഏപ്രിൽ ഒന്നാം തിയതി  മുന്നറിയിപ്പ് നൽകിയിരുന്നു.
അതിന്റെ കാരണങ്ങളും പറഞ്ഞിരുന്നു. അതാണ് സംഭവിച്ചത്. മുങ്ങിയത് ഹൌസ് ബോട്ടല്ല, പക്ഷെ ടൂറിസത്തിനു വേണ്ടി ഉപയോഗിക്കുന്ന ബോട്ടാണ്. 
ബാക്കി എല്ലാം പറഞ്ഞത് പോലെ. ശരിയായ ലൈസൻസ് ഇല്ലാതെ, വേണ്ടത്ര  വ്യക്തി സുരക്ഷാ ഉപകരണങ്ങൾ ഇല്ലാതെ ഒരു സേഫ്റ്റി ബ്രീഫിംഗും ഇല്ലാതെ, എത്ര ആളുകളെ കയറ്റാം എന്ന കണക്കില്ലാതെ, എത്ര ആളുകൾ കയറി എന്ന് കണക്കില്ലാതെ ഒരു ഉല്ലാസ യാത്ര 
ഞാൻ ഒരു ചാനലിനോടും സംസാരിച്ചില്ല. മരണം സംഭവിച്ചതിന് ശേഷം എന്താണ്   സംസാരിക്കാനുള്ളത്?. പറയാനുള്ളതൊന്നും സന്തോഷമുള്ള കാര്യമല്ല. എന്തിന് പുതിയ കാര്യം പോലുമല്ല. പറഞ്ഞു ഞാനും വായിച്ച് എന്റെ വായനക്കാരും ബോറടിച്ച കാര്യങ്ങൾ ആണ് 
ബോട്ടിന്റെ കാര്യം തന്നെ എടുക്കാം. 'കേരളത്തിൽ എത്ര ടൂറിസം/ഹൌസ് ബോട്ടുകൾ ഉണ്ട്?. അതിൽ എത്ര എണ്ണത്തിന് ശരിയായ ലൈസൻസ് ഉണ്ട്?
അതിൽ എത്ര എണ്ണത്തിൽ ആവശ്യത്തിന് വ്യക്തി സുരക്ഷാ ഉപകരണങ്ങൾ ഉണ്ട്?. അതിൽ എത്ര പേർ യാത്രക്കാർക്ക് ഒരു ബ്രീഫിങ്ങ് കൊടുക്കുന്നുണ്ട്?
ഇതൊക്കെയാണ് ഞാൻ ഏപ്രിൽ മാസത്തിൽ ചോദിച്ച ചോദ്യങ്ങൾ. ഏതൊരു മാധ്യമത്തിന് വേണമെങ്കിലും ഏതൊരു ടൂറിസ്റ്റ് സ്‌പോട്ടിലും ഒരു അന്വേഷണം നടത്താവുന്നതേ ഉള്ളൂ 
അതിന്റെ കണക്കുകൾ ഒക്കെ പ്രസിദ്ധീകരിക്കാം. വായനക്കാരെ ബോധവൽക്കരിക്കാം. അധികാരികളെ സമ്മർദ്ദത്തിൽ ആക്കാം. ബോട്ട് ഉടമകളെ നിയമം പാലിക്കാൻ നിർബന്ധിതരാക്കാം. ഇതൊന്നുമില്ല, അപകടം ഉണ്ടാകുന്നത് വരെ മാധ്യമങ്ങളുടെ ശ്രദ്ധ മറ്റെവിടെയോ ഒക്കെയാണ്. രണ്ടു ദിവസം കഴിഞ്ഞാൽ വീണ്ടും അത് മറ്റിടത്തേക്ക് പോകും. ആദ്യമേ പറയട്ടെ . ഒരു ബോട്ടപകടത്തിൽ തീരുന്നതല്ല കേരളത്തിലെ ടൂറിസം രംഗത്തെ സുരക്ഷാ പ്രശ്‌നങ്ങൾ 
ഇനിയും ബോട്ടപകടങ്ങൾ ഉണ്ടാകും. ഇനിയും പത്തിലേറെ പേർ മരിക്കും. ഇനിയും മാധ്യമങ്ങൾ കൊമ്പും കോലുമായി വരും 
ഇനിയും പറയട്ടെ. കേരളത്തിലെ ജയാ സുരക്ഷാ രംഗത്തെ ഏറ്റവും വലിയ പ്രശ്‌നം ബോട്ടപകടങ്ങൾ അല്ല.
കഴിഞ്ഞ നാല്പത് വർഷത്തെ കണക്കെടുത്താൽ ജലത്തിൽ മരിക്കുന്നവരുടെ എണ്ണം പതുക്കെ കൂടിക്കൂടി ആയിരത്തിന് മുകളിൽ എത്തിയിരിക്കുകയാണ്. രണ്ടായിരത്തി ഇരുപത്തി ഒന്നിൽ ആയിരത്തി ഒരുന്നൂറ്റി ഇരുപത്തി ഏഴ് ആയി ( കോവിഡ് മൂലം പൊതുവിൽ അപകട മരണങ്ങൾ കുറഞ്ഞ വർഷം ആണ് രണ്ടായിരത്തി ഇരുപത്തി ഒന്ന്, ഇരുപത്തി രണ്ടിലെ റിപ്പോർട്ട് എത്തിയിട്ടില്ല).
പക്ഷെ ശരാശരി കണക്കെടുത്താൽ മുങ്ങിമരണങ്ങളിൽ  ഒരു ശതമാനം പോലും ബോട്ടപകടങ്ങളിൽ അല്ല സംഭവിക്കാറുള്ളത്. ഇന്നലെ ഇപ്പോൾ ഇരുപത് പേർ ബോട്ടപകടത്തിൽ  മരിച്ചു. എന്നാൽ പോലും ഈ വർഷത്തെ ജലമരണങ്ങളുടെ അഞ്ചു ശതമാനം പോലും ബോട്ടപകടത്തിൽ ആയിരിക്കില്ല 
മാസത്തിൽ ശരാശരി  നൂറു പേരാണ് ശരാശരി മുങ്ങി മരിക്കുന്നത്, ആഴ്ചയിൽ ഇരുപത്തി അഞ്ചു പേർ അതായത് ഈ ആഴ്ച്ച കഴിയുന്നതിന് മുൻപ് ഈ ബോട്ടപകടത്തിലേക്കാൾ കൂടുതൽ ആളുകൾ കേരളത്തിൽ ജലത്തിൽ മരിച്ചിരിക്കും. ഇതൊരു ശരാശരിക്കണക്കാണ്. 
ജലസുരക്ഷ വേണമെങ്കിൽ ബോട്ടിനും അപ്പുറത്ത് നമുക്കൊരു ജല സുരക്ഷാ നയം വേണം, അവബോധനം വേണം, പരിശീലനം വേണം.
പക്ഷെ ഒരു വർഷം കേരളത്തിൽ അപകടങ്ങളിൽ മരിക്കുന്നവരുടെ പത്തിലൊന്ന്  പോലും ജലത്തിൽ അല്ല മരിക്കുന്നത്. നാഷണൽ െ്രെകം റെക്കോർഡ്‌സ് ബ്യൂറോ പറയുന്നത് രണ്ടായിരത്തി ഇരുപത്തി ഒന്നിൽ കേരളത്തിൽ പതിമൂവായിരത്തി എണ്ണൂറ്റി എൺപത്തി ആറ് ആളുകൾ അപകടങ്ങളിൽ മരിച്ചു എന്നാണ്. നാലായിരത്തോളം പേർ റോഡുകളിൽ മരിക്കുന്നു 
ആയിരത്തോളം ആളുകൾ ഉയരത്തിൽ നിന്നുള്ള വീഴ്ചയിൽ മരിക്കുന്നു (നിർമ്മാണ രംഗത്തെ അപകടങ്ങൾ ഒക്കെയായി).
ഷോക്കടിച്ചും അഗ്‌നിബാധയിലും ഇരുനൂറോളം ആളുകൾ മരിക്കുന്നു. ട്രെയിനിൽ നിന്ന് വീണും ട്രെയിൻ ഇടിച്ചും നൂറു കണക്കിന് വേറെ 
ഇത് ഓരോ വർഷവും കൂടി വരുന്നു. ഒരാൾ അപകടത്തിൽ മരിക്കുമ്പോൾ  ശരാശരി രണ്ടാളെങ്കിലും  ജീവിതകാലം മുഴുവൻ അപകടത്തിന്റെ പരിക്കുകളുമായി ജീവിതകാലം മുഴുവൻ ജീവിക്കുന്നുണ്ടാകും എന്നാണ് ശരാശരി കണക്ക് 
മരണമുണ്ടാകുന്ന ഒരു അപകടം ഉണ്ടാകുമ്പോൾ മരണം സംഭവിക്കാത്ത പത്ത് അപകടങ്ങൾ എങ്കിലും ഉണ്ടായിരിക്കും എന്ന് മറ്റൊരു കണക്ക് 
 വ്യക്തിപരമായ നഷ്ടങ്ങൾക്ക്ഈ അപ്പുറം ഈ  അപകടങ്ങൾ സമൂഹത്തിന് ഉണ്ടാക്കുന്ന സാമ്പത്തിക നഷ്ടം, ബാധ്യത ഇതൊക്കെ അന്വേഷിക്കാനും സമൂഹത്തിന്റെ മുന്നിൽ കൊണ്ടുവരാനും മാധ്യമങ്ങൾക്ക് ബാധ്യതയില്ലേ?. അപകടങ്ങൾ ആധുനിക ജീവിതത്തിന്റെ ഭാഗമല്ലേ?
വാസ്തവത്തിൽ കേരളത്തിൽ അപകടങ്ങൾ കുറക്കാൻ പറ്റുമോ. തീർച്ചയായും കേരളത്തിലെ അപകട നിരക്ക് ലോകത്തെ ഏറ്റവും നല്ല സുരക്ഷാ നിലവാരത്തെ അപേക്ഷിച്ച് നോക്കിയാൽ ഏതാണ്ട് മൂന്നിരട്ടിയാണ്. അതായത്  ഇന്ന് ലോകത്ത് ലഭ്യമായ സാങ്കേതികമായ അറിവുകളും സംവിധാനങ്ങളും ഉപയോഗിച്ചാൽ ഇന്ന് സംഭവിക്കുന്നതിന്റെ മൂന്നിലൊന്നായി മരണങ്ങൾ കുറക്കാം.
അതായത് പതിമൂവായിരം മരണങ്ങൾ നാലായിരത്തിന് താഴെ എത്തിക്കാം. ശരിയായ നിയമങ്ങൾ, സാങ്കേതിക വിദ്യകൾ, സുരക്ഷാ വിദ്യാഭ്യാസം, ദുരന്ത സാധ്യത  അവലോകനം,  ദുരന്ത ലഘൂകരണം, ദുരന്തങ്ങളിൽ നിന്നും പാഠങ്ങൾ പഠിക്കുന്നത്  ഇതൊക്കെയാണ് അപകടങ്ങൾ കുറക്കാനുള്ള അടിസ്ഥാന കാര്യങ്ങൾ കുറച്ചു സമയം എടുക്കും, അല്പം ചിലവൊക്കെ ഉണ്ടാകും. പക്ഷെ അസാധ്യമായതല്ല, ബുദ്ധിമുട്ടുള്ളതുമല്ല.
സുരക്ഷ വിഷയങ്ങൾ സംയോജിപ്പിക്കാൻ നമ്മുക്ക് ഒന്നുകിൽ യു കെ യിലെ ഹെൽത്ത് ആൻഡ് സേഫ്റ്റി എക്‌സിക്യൂട്ടിവ് പോലെ ഒരു വകുപ്പുണ്ടാക്കണം 
അല്ലെങ്കിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഏറ്റവും കൂടുതൽ മരണങ്ങൾ നടക്കുന്ന/കൈകാര്യം ചെയ്യുന്ന വകുപ്പുകൾ ചേർത്തുള്ള ഒരു ഉന്നതതല സുരക്ഷാ സമിതി രൂപീകരിക്കണം.
കൃത്യമായ കർമ്മപദ്ധതി, ബജറ്റ്, വിദഗ്ദ്ധരുടെ ഉപദേശം ഒക്കെ വേണം. പുരോഗതി ഓരോ മൂന്നു മാസത്തിലും വിലയിരുത്തണം. അപകടങ്ങൾ കുറക്കാൻ വകുപ്പുകൾക്ക് സാങ്കേതികവും സാമ്പത്തികവുമായ സഹായം നൽകണം. അപകടങ്ങൾ കുറക്കുന്നത് വകുപ്പുകളുടെ പ്രകടനത്തിന്റെ ഭാഗമാക്കണം. രണ്ടു വർഷം കൊണ്ട് സുരക്ഷ നമ്മുടെ നിയന്ത്രണത്തിൽ ആവുന്നത് കാണാം.
അതിലും വേഗത്തിലും എളുപ്പത്തിലും സാധിക്കാവുന്ന കാര്യങ്ങൾ ഉണ്ട് 
കേരളത്തിൽ ഇന്ന് സംഭവിക്കുന്ന പതിനായിരത്തിലേറെ അപകടമരണങ്ങൾ ഓരോന്നും ശാസ്ത്രീയമായി അപഗ്രഥിച്ചാൽ പകുതിയിൽ എങ്കിലും  തികച്ചും നിസ്സാരമായതും പൂർണ്ണമായും ഒഴിവാക്കാവുന്നതുമായ എന്തെങ്കിലും ഒരു അടിസ്ഥാന കാരണം  ഉണ്ട്. അതായത് സമൂഹത്തിന് അത്യാവശ്യം സുരക്ഷാ ബോധം ഉണ്ടെങ്കിൽ ഇന്നത്തെ നിയമം, ഇന്ന് നമ്മൾ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യകൾ ഇവയൊക്കെ ഉപയോഗിച്ച് മാത്രം മരണം ഇപ്പോഴത്തേതിന്റെ പകുതിയാക്കാം. പക്ഷെ സമൂഹം ഒത്തൊരുമിച്ച് പ്രവർത്തിക്കണം. 
രാഷ്ട്രീയക്കാർ, ഉദ്യോഗസ്ഥർ, സിനിമാ താരങ്ങൾ, മതമേലധ്യക്ഷർ, അധ്യാപകർ, സോഷ്യൽ മീഡിയ  ഇൻഫ്‌ളുവൻസേർസ്, മാതാപിതാക്കൾ 
മാധ്യമങ്ങൾ. ഇവരൊക്കെ ഒരുമിച്ച് ഒരേ സമയം കുറച്ചു ദിവസത്തേക്കെങ്കിലും സുരക്ഷയെപ്പറ്റി ചിന്തിക്കണം, സംസാരിക്കണം. 
അടുത്ത അഞ്ചു വർഷത്തിനകം മരണങ്ങൾ പകുതിയാക്കും എന്ന് പ്രതിജ്ഞയെടുക്കണം. അതായത് ഒരു വർഷം ആറായിരം മരണങ്ങൾ ഒഴിവാക്കണം എന്ന്. അഞ്ചു വർഷത്തിൽ മുപ്പതിനായിരം മരണങ്ങൾ. ആലോചിച്ചു നോക്കൂ 
അതിനൊരു തുടക്കം ആശയം പറയാം. ഷെൽ ഉൾപ്പടെയുള്ള വലിയ കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ മുന്നിൽ ഒരു സുരക്ഷാ ബോർഡ് ഉണ്ടാകും 
ആ വർഷം എത്ര അപകടങ്ങൾ നടന്നു, എത്ര ആളുകൾക്ക് പരിക്ക് പറ്റി, എത്ര ആളുകൾ മരിച്ചു എന്നൊക്കെ ആ ബോർഡിൽ ഉണ്ടാകും 
ഓരോ മാനേജരുടെയും ഓഫീസിന് മുൻപിലും അത്തരം ഒരു ബോർഡ് ഉണ്ടാകും. ഓരോ വകുപ്പിനും കിട്ടുന്ന ബോണസ് അവിടുത്തെ മരണങ്ങളും അപകടങ്ങളും ആയി ബന്ധപ്പെട്ടതാണ്. നമുക്കും തുടങ്ങാം. ഓരോ ജില്ലാ കളക്ടറുടെ ഓഫിസിന് മുൻപിലും ഒരു സുരക്ഷാ ബോർഡ് 
ഒരാൾ കലക്ടറായി വന്നതിന് ശേഷം ജില്ലയിൽ എത്ര അപകടങ്ങൾ നടന്നു, എത്ര പേർക്ക് പരിക്ക് പറ്റി, എത്ര പേർ മരിച്ചു ?
ജില്ലാ കലക്ടർമാരുടെ പെർഫോമൻസ് വിലയിരുത്തുമ്പോൾ ജില്ലയിലെ സുരക്ഷ കൂടി ഒന്ന് കണക്കിലെടുക്കണം. ജില്ലകൾ തമ്മിൽ സുരക്ഷയുടെ കാര്യത്തിൽ ആരോഗ്യകരമായ മത്സരം വരണം. ഇത് തന്നെ വകുപ്പധ്യക്ഷന്മാരുടെ കാര്യത്തിലും ആകാം 
തിരുവനന്തപുരത്തെ ഒരു വകുപ്പിന് മുൻപിലും അവരുടെ വകുപ്പുകളുടെ കീഴിൽ ഇത്തരം മരണം നടന്നു എന്ന ബോർഡ് വക്കണം 
ഒരു മന്ത്രിമാരുടെ ഓഫീസിന് മുൻപിലും വേണം. ഏത് വകുപ്പിലാണ്, ഏത് മന്ത്രിയുടെ കീഴിലാണ് ഏറ്റവും മരണങ്ങൾ നടക്കുന്നത് എന്നത് സുതാര്യമാകണം, ചർച്ചയാകണം, വകുപ്പിന്റെ പ്രകടനത്തിന്റെ ഭാഗമാകണം. സെക്രട്ടറിയേറ്റിന് മുൻപിൽ കൂറ്റൻ ബോർഡ് വേണം. വർഷം പതിമൂവായിരം അപകടമരണം എന്നാൽ ദിവസം മുപ്പതിന് മുകളിൽ ആയി, മണിക്കൂറിൽ ഒന്നിൽ കൂടുതൽ 
നമ്മുടെ ഓഫീസിന് മുൻപിൽ ഉള്ള മരണ സംഖ്യ മറ്റുള്ള ഓഫിസിന് മുന്നിലേതിലും കൂടുതൽ ആണെന്നത് കുറച്ചു പേരെ എങ്കിലും നാണിപ്പിക്കും. 
നോക്കി നിൽക്കുമ്പോൾ മരണസംഖ്യ ഉയരുന്നത് ഉത്തരവാദിത്തപ്പെട്ട  കുറച്ചു പേരുടെയെങ്കിലും ഉറക്കം കെടുത്തും. ഈ കാണുന്ന കണക്കുകൾ ഒക്കെ നമ്മളെപ്പോലെ മനുഷ്യർ ആയിരുന്നു എന്നത് കുറച്ചു പേരെ എങ്കിലും ചിന്തിപ്പിക്കും. ആളുകളുടെ പെരുമാറ്റത്തിൽ മാറ്റം വരും 
നടപടികൾ ഉണ്ടാകും. മരണങ്ങൾ കുറയും. ഒഴിവാക്കപ്പെടുന്ന മരണങ്ങൾ  നിങ്ങളുടെയോ  എന്റെയോ മന്ത്രിമാരുടെയോ കലക്ടർമാരുടെയോ  ആകാം. 
അതുകൊണ്ട് ഇക്കാര്യത്തിൽ നമുക്കൊക്കെ താല്പര്യം എടുക്കാം. 
പ്രവചനങ്ങൾ ഇനിയും വരും 
മുരളി തുമ്മാരുകുടി

Latest News