ആലപ്പുഴ - അമ്പലപ്പുഴയില്‍ നടക്കുന്ന കേരള സര്‍വകലാശാല യുവജനോത്സവത്തില്‍ സംഘാടകരും എസ് എഫ് ഐ പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികളും തമ്മില്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് പോലീസ് ലാത്തി വീശി. ലാത്തിച്ചാര്‍ജില്‍ എസ്.എഫ്.ഐ ഏരിയാ സെക്രട്ടറിയടക്കം പത്തോളം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ ഇരുപതോളം എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ അമ്പലപ്പുഴ പൊലീസ് കേസെടുത്തു. സംഭവത്തില്‍ ഒരു മത്സരാര്‍ത്ഥിക്കും അമ്മയ്ക്കും പരിക്കേറ്റിട്ടുണ്ട്. നാല് ദിവസമായി നടക്കുന്ന കേരള സര്‍വകലാശാല യുവജനോത്സവത്തിന്റെ പ്രധാന വേദിയായ അമ്പലപ്പുഴ ഗവ: കോളജിലാണ് ഏറ്റുമുട്ടലുണ്ടായത്. സംഘ നൃത്തത്തിന്റെ ഫലപ്രഖ്യാപനം കഴിഞ്ഞ് രാവിലെ ഏതാനും വിദ്യാര്‍ഥിനികള്‍ ഓഫീസില്‍ കയറി മത്സരത്തിന് അപ്പീല്‍ നല്‍കാനെന്ന വ്യാജേന ഫലവുമായി ഓടി രക്ഷപ്പെട്ടതായി സംഘാടക സമിതി പറയുന്നു. ഒരു വിധി നിര്‍ണ്ണയത്തെച്ചൊല്ലി പരാതിയുണ്ടായിരുന്നു. ഇതേച്ചൊല്ലി ഏതാനും വിദ്യാര്‍ഥികളും സംഘാടകരും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. തുടര്‍ന്നാണ് സ്ഥലത്തുണ്ടായിരുന്ന അമ്പലപ്പുഴ പൊലീസ് ലാത്തി വീശിയത്. എസ് എഫ്. ഐ മാന്നാര്‍ ഏരിയ സെക്രട്ടറി അനന്തു കൃഷ്ണന്‍, അമ്പലപ്പുഴ ഏരിയ കമ്മിറ്റിയംഗം ഷമീറ, അരൂര്‍ ഏരിയ കമ്മിറ്റിയംഗം ഇര്‍ഷാദ് തുടങ്ങിയവര്‍ക്ക് പരിക്കേറ്റു. കാര്യമറിയാതെ പൊലീസ് മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് എസ് എഫ് ഐ നേതാക്കളുടെ ആരോപണം.