മലപ്പുറം - 'കുഞ്ഞിമരയ്ക്കാര്‍ ശഹീദ് ' എന്ന മത്സ്യബന്ധന ഫൈബര്‍ വള്ളം ' അറ്റ്‌ലാന്റിക് ' എന്ന ഉല്ലാസ ബോട്ടായി മാറിയപ്പോള്‍ താനൂരില്‍ ബലികൊടുക്കേണ്ടി വന്നത് 22 മനുഷ്യ ജീവനുകളാണ്. കേവലം 95,000 രൂപയ്ക്ക് വാങ്ങിയ വള്ളമാണ് മാസങ്ങള്‍ക്കുള്ളില്‍ ഉല്ലാസ ബോട്ടാക്കി രൂപ മാറ്റം വരുത്തിയത്. മത്സ്യ തൊഴിലാളിയായ ഹംസ എന്നയാളുടെ ഉടമസ്ഥതയിലുള്ള കുഞ്ഞിമരയ്ക്കാര്‍ ശഹീദ് എന്ന ഫൈബര്‍ വള്ളം താനൂര്‍ സ്വദേശിയായ നാസര്‍ വാങ്ങുകയും എട്ടു ലേക്ഷത്തോളം രൂപ ചെലവിട്ട് അത് അറ്റലാന്റിക് എന്ന പേരിലുള്ള ഉല്ലാസ ബോട്ടാക്കി മാറ്റുകയുമായിരുന്നു. ഈ ബോട്ടാണ് താനൂരില്‍ 22 പേരുടെ ജീവന്‍ പൊലിയുന്നതിന് കാരണമായത്. കേവലം 15 പേര്‍ക്ക് മാത്രം മത്സ്യബന്ധനത്തിന് പോകാന്‍ കഴിയുന്ന ഫൈബര്‍ വള്ളമായിരുന്നു ഇത്. പിന്നീട് 21 പേര്‍ക്ക് കയറാവുന്ന ഉല്ലാസ ബോട്ടാക്കി രൂപ മാറ്റം വരുത്തുകയാണ് ചെയ്തത്. സാധാരണ ഗതിയില്‍ വള്ളത്തിന്റെ വീതി 1.9 മീറ്ററാണ്. എന്നാല്‍ ഉല്ലാസ ബോട്ടിന്റെ സ്റ്റെബിലിറ്റി റിപ്പോര്‍ട്ടില്‍ 2.9 മീറ്റര്‍ വീതിയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അതായത് ഫിറ്റ്‌നസ് ലഭിക്കാനായി വള്ളത്തിന്റെ മുകള്‍ ഭാഗത്ത് ഒരു മീറ്ററോളം വീതി വര്‍ധിപ്പിക്കുകയായിരുന്നു. എന്നാല്‍ ഇതിനനുസരിച്ചുള്ള വര്‍ധനവ് അടി ഭാഗത്ത് ഉണ്ടാകാതിരുന്നതാണ് പെട്ടെന്നുള്ള അപകടത്തിന് കാരണമെന്നാണ് ഇത് സംബന്ധിച്ച് വിദ്ഗധര്‍ പറയുന്നത്. അപകടത്തില്‍ പെട്ട അറ്റ്‌ലാന്റിക് ബോട്ടില്‍ 21 പേര്‍ക്കായിരുന്നു യാത്രാ അനുമതിയുണ്ടായിരുന്നത്. എന്നാല്‍ അപകടം നടന്ന ദിവസം ബോട്ടില്‍ 37 യാത്രക്കാരും ഡ്രൈവറും രണ്ട് ജീവനക്കാരുമാണുണ്ടായിരുന്നത്. മീന്‍പിടുത്ത ഫൈബര്‍ വള്ളം ബോട്ടാക്കി മാറ്റാന്‍ അപേക്ഷ നല്‍കിയപ്പോള്‍ മാരിടൈം ബോര്‍ഡിന്റെ സര്‍വ്വേയര്‍ ആലപ്പുഴയില്‍ നിന്നെത്തി പരിശോധന നടത്തുകയും ഒട്ടേറേ അപാകതകള്‍ കണ്ടെത്തുകയും ചെയ്തിരുന്നു. ഇത് പരിഹരിച്ച് അപേക്ഷ നല്‍കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. എന്നാല്‍ വീണ്ടും അപേക്ഷ നല്‍കി ലൈസന്‍സ് എടുക്കുന്നതിന് മുന്‍പ് തന്നെ ഉല്ലാസ ബോട്ടിന്റെ സര്‍വ്വീസ് ആരംഭിച്ചിരുന്നതായാണ് ഇപ്പോള്‍ മാരിടൈം അധികൃതര്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായത്. അപകടത്തെ തുടര്‍ന്ന് ബോട്ടുടമ നാസര്‍ അറസ്റ്റിലായെങ്കിലും ബോട്ട് ഡ്രൈവറും സഹായികളായ ജീവനക്കാരും ഇപ്പോഴും ഒളിവിലാണ്.