അൽഖുറയാത്ത്- ഇന്ത്യൻ നാഷണൽ ലീഗ് സ്ഥാപക പ്രസിഡന്റും മുപ്പത്തിയാറ് വർഷം ഇന്ത്യൻ പാർലമെന്റംഗവുമായിരുന്ന ഇബ്രാഹിം സുലൈമാൻ സേട്ട് സാഹിബ് അനുസ്മരണ യോഗം ഐ.എം.സി.സി അൽഖുറയാത്ത് സെൻട്രൽ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്നു. സലീം കൊടുങ്ങല്ലൂർ അധ്യക്ഷത വഹിച്ചു. ഐ.എം.സി.സി സൗദി കമ്മിറ്റി സെക്രട്ടറി യൂനുസ് മൂന്നിയൂർ ഉദ്ഘാടനം ചെയ്തു.
പൊതുപ്രവർത്തന രംഗത്തെ മൂല്യങ്ങളും ആദർശ പ്രതിബദ്ധതയും കക്ഷി രാഷ്ട്രീയത്തിനതീതമായി നഷ്ടപ്പെടുമ്പോൾ സുലൈമാൻ സേട്ട് ഉയർത്തിയ നിലപാടുകളുടേയും പ്രവർത്തന ശൈലിയുടേയും പ്രസക്തി ഓരോ വർഷം കഴിയുംതോറും വർധിച്ചു വരികയാണെന്ന് അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു. രാജ്യത്തെ വർഗീയമായി ധ്രുവീകരിച്ച് ഭരണഘടനാ മൂല്യങ്ങളെയടക്കം കാറ്റിൽ പറത്തി, അധികാര സംസ്ഥാപനം പൂർണമാക്കാൻ ഏതറ്റം വരെയും സംഘ്പരിവാർ ശക്തികൾ പൊയ്‌ക്കൊണ്ടിരിക്കുന്ന വർത്തമാന കാലത്ത് ആശയറ്റവന്റെ പ്രതിനിധിയായി അധികാരികളോട് സംസാരിക്കാൻ ഇബ്രാഹിം സുലൈമാൻ സേട്ടിന്റെ സാന്നിധ്യം, അദ്ദേഹം മരണപ്പെട്ട് പതിനെട്ട് വർഷം കഴിഞ്ഞിട്ടും രാജ്യത്തെ മതനിരപേക്ഷ സമൂഹവും പിന്നോക്ക വിഭാഗങ്ങളും ഇന്നും ആഗ്രഹിച്ചു പോകുകയാണ്.
സുലൈമാൻ സേട്ട് അനുസ്മരണ പ്രസംഗങ്ങളിൽ ബ്രിട്ടീഷ് ഇന്ത്യയിലെ രാഷ്ട്രീയ വിഷയങ്ങൾ മുതൽ രാജ്യത്ത് ഇന്നലെ നടന്ന സംഭവ വികാസങ്ങൾ വരെ ചർച്ചക്ക് വരുന്നത് തന്നെയാണ് അദ്ദേഹത്തിന്റെ ആറ് പതിറ്റാണ്ടിലധികം നീണ്ടുനിന്ന പൊതുജീവിതത്തിന്റെ ഔന്നത്യം. രാജ്യത്തെ വെറുപ്പിന്റെ രാഷ്ട്രീയത്തിന് ബദലാവേണ്ടത് സാമുദായിക രാഷ്ട്രീയമല്ലെന്നും, മതനിരപേക്ഷ ഇടതുപക്ഷ ചേരികളുടേയും പിന്നോക്ക ദളിത് ജനവിഭാഗങ്ങളുടേയും കൂട്ടായ്മയാണ് രൂപപ്പെടേണ്ടതെന്നും ജാതിമത ചിന്തകൾക്കതീതമായ സഹവർത്തിത്വമാണ് വേണ്ടതെന്നുമുള്ള, മൂന്ന് പതിറ്റാണ്ട് മുമ്പേ സുലൈമാൻ സേട്ട് സാഹിബ് പറഞ്ഞ നിലപാടിനെ തിരിച്ചറിയാൻ അന്ന് ഒട്ടുമിക്ക സംഘടനകൾക്കും സാധിച്ചില്ല.
ആറു പതിറ്റാണ്ടിന്റെ കറകളഞ്ഞ പൊതു ജീവിതത്തിനുടമയായിരുന്ന സേട്ട് സാഹിബിനെക്കുറിച്ചുള്ള സ്മരണ, ഇന്ത്യയുടെ പിന്നോക്ക, ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ ചരിത്രത്തിന് തുല്യമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. നെഹ്‌റു മുതലുള്ള എല്ലാ പ്രധാനമന്ത്രിമാരുമായും വിവിധ രാഷ്ട്രത്തലവന്മാരുമായും പണ്ഡിതന്മാരുമായൊക്കെ അടുത്ത ബന്ധം പുലർത്തിയ നേതാവായിരുന്നു സുലൈമാൻ സേട്ടെന്നും അടിയന്തിരാവസ്ഥക്കാലത്തെ പീഡനങ്ങൾ, വിവിധ സ്ഥാപനങ്ങളുടെ ന്യൂനപക്ഷ പദവി, ഉത്തരേന്ത്യയിൽ നടമാടിയ അസംഖ്യം വർഗീയ കലാപങ്ങൾ, ശരീഅത്ത് നിയമം, ഷാബാനു കേസ്, മണ്ഡൽ കമ്മീഷൻ റിപ്പോർട്ട്, സിറാജുന്നിസ വധം, ബാബരി മസ്ജിദ് ഉൾപ്പെടെയുള്ള ഒട്ടനവധി വിഷയങ്ങളിൽ പാർലമെന്റിനകത്തും പുറത്തും പോരാട്ടം നടത്തുകയും തന്റെ നിലനിൽപ്പ് പോലും നോക്കാതെ, ശരിയെന്നുറപ്പുള്ള വിഷയങ്ങൾക്കായി ഉറച്ച നിലപാടെടുക്കുകയും ചെയ്ത ആദർശ ധീരനുമായിരുന്നു അദ്ദേഹം.
വിവിധ സംഘടനാ നേതാക്കളായ മുനീർ കൊടുങ്ങല്ലൂർ (ഐ.സി.എഫ്), അഷ്‌റഫ് താമരശ്ശേരി (കെ.എം.സി.സി), ശിവദാസൻ (പ്രവാസി സംഘം), സാമൂഹ്യ പ്രവർത്തകരായ സലാം പടിക്കൽ, നാസർ മുല്ലപ്പള്ളി ഉൾപ്പെടെയുള്ളവർ സംസാരിച്ചു. റിയാസ് കരുനാഗപ്പള്ളി സ്വാഗതവും റോയ് കോട്ടയം നന്ദിയും പറഞ്ഞു.
നൗഷാദ് മാരിയാട്, ഹംസ പാണക്കാട്, റിയാസ് പെരുമ്പാവൂർ, ലത്തീഫ് കുഞ്ഞിപ്പ പൂക്കോട്ടൂർ, മുസ്തഫ കൊപ്പം, ഷരീഫ് തെക്കൻ, ജയചന്ദ്രകുമാർ (പൊടിയൻ) കൊല്ലം തുടങ്ങിയവർ നേതൃത്വം നൽകി.