പരപ്പനങ്ങാടി-താനൂരില്‍ ആറു കുട്ടികളടക്കം 22 പേരുടെ മരണത്തിന് ഇടയാക്കിയ വിനോദയാത്രാ ബോട്ട് ഉടമ നാസറിന്, ചട്ടം ലംഘിച്ച് ബോട്ട് സര്‍വീസ് നടത്താന്‍ ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശ. ചട്ടം ലംഘിച്ച് നിര്‍മിച്ച ബോട്ടിന്, 10,000 രൂപ പിഴ ഈടാക്കി സര്‍വീസ് നടത്താന്‍ അനുമതി നല്‍കിയെന്നാണു വിവരം. മാരിടൈം ബോര്‍ഡ് സിഇഒ ആണ് ഇതിനു നിര്‍ദേശം നല്‍കിയത്
ചട്ടപ്രകാരം ബോട്ട് നിര്‍മിക്കുന്നതിന് അനുമതി നിര്‍ബന്ധമാണ്. എന്നാല്‍ അനുമതി വാങ്ങാതെയാണ് നാസര്‍ ബോട്ട് നിര്‍മിച്ചതെന്നാണ് ലഭിക്കുന്ന വിവരം. ഇതു ക്രമവല്‍ക്കരിക്കാനാണു സിഇഒ ഇടപെട്ടത്. സിഇഒയുടെ കത്തിന്റെ പകര്‍പ്പാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ബോട്ടിനു റജിസ്ട്രേഷനില്ലെന്ന് റജിസ്റ്ററിങ് അതോറിറ്റിയും അറിയിച്ചു.
ബോട്ടുകള്‍ക്ക് അനുമതി നല്‍കുന്ന തുറമുഖ വകുപ്പിനു കീഴിലുള്ള റജിസ്റ്ററിങ് അതോറിറ്റിയുടെ അധ്യക്ഷനും ആലപ്പുഴ പോര്‍ട്ട് ഓഫിസര്‍ക്കും മാരിടൈം ബോര്‍ഡ് സിഇഒ ഇക്കഴിഞ്ഞ ഫെബ്രുവരി 28ന് അയച്ച കത്തിലാണ് അനധികൃത ഇടപെടലിന്റെ സൂചനകളുള്ളത്.
മാരിടൈം സിഇഒയുടെ കത്തില്‍നിന്ന്:
''സൂചനയിലേക്ക് അങ്ങയുടെ ശ്രദ്ധ ക്ഷണിക്കുന്നു. ശ്രീ നാസര്‍ പി. താനൂര്‍, മലപ്പുറം എന്ന വ്യക്തിയുടെ ബോട്ട് നിയമപ്രകാരം പണിയുന്നതിനു മുന്‍പായി ഫോം നമ്പര്‍ വണ്‍ അപേക്ഷാ ഫീസ് അടച്ച് മുന്‍കൂര്‍ നിര്‍മാണ അനുമതി വാങ്ങേണ്ടതുണ്ട്. എന്നാല്‍ അപേക്ഷകന്‍ ഫോം നമ്പര്‍ ഒന്ന് അപേക്ഷാ ഫീസ് അടയ്ക്കാതെ മുന്‍കൂര്‍ നിര്‍മാണ അനുമതി വാങ്ങാതെയാണ് ബോട്ട് നിര്‍മിച്ചിരിക്കുന്നത്. ഇന്‍ലാന്‍ഡ് വെസല്‍ ആക്ട് 2021 സെക്ഷന്‍ 87 (2) പ്രകാരം ഇത്തരത്തില്‍ ബോട്ട് പണിയുകയാണെങ്കില്‍ 10,000 രൂപ പിഴയീടാക്കാന്‍ വ്യവസ്ഥയുണ്ട്. ആക്ട് നാല്, 2021 പ്രകാരമുള്ള പിഴയീടാക്കി പ്രസ്തുത ബോട്ടിന്റെ സ്റ്റബിലിറ്റി തുടങ്ങിയ സുരക്ഷാ മാനദണ്ഡങ്ങള്‍ സര്‍വേ ചെയ്യുന്ന സമയത്ത് പരിശോധിച്ച് റജിസ്ട്രേഷന്‍ നല്‍കാനുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കുന്നു' ഇതാണ് ചീഫ് എക്സിക്യുട്ടിവ് ഓഫിസറായ ടി.പി. സലിം കുമാര്‍ ഈ കത്തില്‍ കുറിച്ചിരിക്കുന്നത്.