ജിദ്ദ- സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറിയും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറിയുമായ എം.ടി അബ്ദുല്ല മുസ്ലിയാർ അടക്കമുള്ള നേതാക്കളെ വഴിയിൽ തടഞ്ഞു അസഭ്യ വർഷം ചൊരിഞ്ഞു അപമാനിച്ച സംഭവം അങ്ങേയറ്റം പ്രതിഷേധാർഹവും അപലപനീയവുമാണന്ന് സമസ്ത ഇസ്ലാമിക് സെന്റർ (സി.ഐ.സി) സൗദി നാഷണൽ കമ്മിറ്റി അഭിപ്രായപ്പെട്ടു.
നിലവിലുള്ള സങ്കീർണ്ണമായ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി നടന്നുവരുന്ന ശ്രമങ്ങൾക്കിടയിൽ സമസ്തയുടെ സമുന്നത പണ്ഡിത നേതൃത്വത്തിനെതിരെ പ്രകോപനം സൃഷ്ടിച്ചു രംഗത്ത് വന്ന വാഫി വിദ്യാർത്ഥികളെ നിലക്കു നിർത്താൻ സി.ഐ.സി നേതൃത്വം തയ്യാറാവണം. സമസ്ത മലപ്പുറം ജില്ലാ കമ്മിറ്റിയുടെ കീഴിൽ നിലനിൽക്കുന്ന വളാഞ്ചേരി മർകസ് സ്ഥാപനങ്ങളിലെ പാഠ്യപദ്ധതി നിർണ്ണയിക്കാനുള്ള പരമാധികാരം ജില്ലാ കമ്മിറ്റിക്കും കോളേജ് കമ്മിറ്റിക്കും തന്നെയാണെന്നിരിക്കെ ബാഹ്യ ഇടപെടലുകൾ അനുവദിക്കാനാകില്ല എന്ന കാര്യത്തിൽ തർക്കമില്ല.
വിജ്ഞാനം വിനയം സേവനം എന്ന മഹിത സന്ദേശമാണ് വിദ്യാർഥി സമൂഹത്തിനു സമസ്ത പകർന്നു നൽകിയത്. ഇതിനു വിരുദ്ധമായി വാഫി വഫിയ്യ സമൂഹത്തിൽ വളർന്നു വരുന്ന പ്രവണതക്കെതിരെ സി.ഐ.സി അധികൃതർ ശക്തമായ നടപടിയെടുക്കണമെന്നും പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല തങ്ങൾ, സെക്രട്ടറി അബ്ദുർ റഹ്‌മാൻ മൗലവി അറക്കൽ, ട്രഷറർ ഇബ്രാഹിം ഓമശ്ശേരി,ചെയർമാൻ അലവിക്കുട്ടി ഒളവട്ടൂർ, വർക്കിംഗ് സെക്രട്ടറി മുഹമ്മദ് റാഫി ഹുദവി, ഓർഗ. സെക്രട്ടറി സെയ്തലവി ഫൈസി എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.