ന്യദല്‍ഹി- ഒരു വര്‍ഷം പിന്നിടുന്ന റഷ്യന്‍ ക്രൂഡോയില്‍ പ്രേമം ഇന്ത്യന്‍ ഇറക്കുമതിയില്‍ വന്‍ വര്‍ധനവുണ്ടാക്കിയപ്പോള്‍ ഒപെക് രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതി പകുതിയോളം കുറഞ്ഞെന്ന് കണക്കുകള്‍.
2022 ഏപ്രിലില്‍ ഇന്ത്യയിലേക്ക് ഒപെക് രാജ്യങ്ങളില്‍ നിന്നും 72 ശതമാനം ക്രൂഡ് ഓയിലാണ് ഇറക്കുമതി ചെയ്തിരുന്നത്. എന്നാല്‍ 2023 ഏപ്രിലിലെത്തിയപ്പോള്‍ കാര്യങ്ങള്‍ മാറിമറിഞ്ഞിരുന്നു. 2023 ഏപ്രിലില്‍ ഒപെക് രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്കുള്ള ഇറക്കുമതി 46 ശതമാനമായാണ് കുറഞ്ഞത്. റഷ്യയില്‍ നിന്നാകട്ടെ 2022 ഫെബ്രുവരിയില്‍ ഒരു ശതമാനം മാത്രം ക്രൂഡോയില്‍ ഇറക്കുമതി ചെയ്തത് 2023 ഏപ്രിലില്‍ 36 ശതമാനമായി വര്‍ധിച്ചു.
യുക്രെയ്ന്‍ യുദ്ധത്തെ തുടര്‍ന്ന് യു. എസ്, യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍, മറ്റു നിരവധി ഇറക്കുമതിക്കാര്‍ തുടങ്ങിയവര്‍ റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്തലാക്കിയിരുന്നു. അതോടൊപ്പം ഉപരോധവും ഏര്‍പ്പെടുത്തി. അതോടെ തങ്ങളുടെ എണ്ണ വില കുറച്ചു വില്‍ക്കാന്‍ നിര്‍ബന്ധിതരായ റഷ്യ തങ്ങളുടെ വിശ്വസ്തരായ ഏതാനും വാണിജ്യ പങ്കാളികള്‍ക്ക് കുറഞ്ഞ നിരക്ക് പ്രഖ്യാപിക്കുകയായിരുന്നു. ഈ സാഹചര്യം ഇന്ത്യ ഉപയോഗപ്പെടുത്തുകയും കുറഞ്ഞ നിരക്കില്‍ എണ്ണ വാങ്ങുകയുമായിരുന്നു.
ഡോളറിന് പകരം ഇന്ത്യന്‍ രൂപയിലും റഷ്യന്‍ റൂബിളിലുമാണ് നിലവില്‍ വ്യാപാരം നടക്കുന്നത്. എന്നാല്‍ ഇന്ത്യന്‍ രൂപ കുമിഞ്ഞു കൂടുന്നതിനോട് റഷ്യയ്ക്ക് നിലവില്‍ താത്പര്യം കുറഞ്ഞിട്ടുണ്ട്. ഇന്ത്യയില്‍ നിന്നും റഷ്യയിലേക്ക് കാര്യമായ രീതിയില്‍ കയറ്റുമതി നടക്കാത്തതിനാല്‍ ഇന്ത്യന്‍ രൂപയെ അവര്‍ക്ക് ആവശ്യമായ വിധത്തില്‍ പരിവര്‍ത്തിപ്പിക്കാനാവാത്തതാണ് ഇന്ത്യന്‍ രൂപയോടുള്ള താത്പര്യം കുറയാന്‍ കാരണമായത്. അതേസമയം ചൈനീസ് കറന്‍സിയോട് അവര്‍ക്ക് താത്പര്യവുമുണ്ട്.
കുറഞ്ഞ നിരക്കില്‍ ഇന്ത്യയിലേക്ക് ക്രൂഡ് ഓയില്‍ എത്തുന്നതിന്റെ ഗുണം രാജ്യത്തെ ജനങ്ങളിലേക്ക് ഇറങ്ങിവരുന്നുണ്ടോ എന്ന കാര്യം ഭരണകൂടം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. എണ്ണക്കമ്പനികള്‍ അടുത്തകാലത്ത് വില വര്‍ധിപ്പിച്ചിട്ടില്ലെങ്കിലും ഇന്ധന വിലയില്‍ കുറവു വരുത്തിയിട്ടില്ല.
എക്കാലത്തേയും താഴ്ന്ന നിലയിലാണ് നിലവില്‍ ഒപെക് രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് എണ്ണ ഇറക്കുമതി ചെയ്യുന്നത്. നേരത്തെ ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതിയുടെ 90 ശതമാനവും നിര്‍വഹിച്ചിരുന്ന ഒപെക് രാജ്യങ്ങളില്‍ നിന്നായിരുന്നു.
2023 മാര്‍ച്ചില്‍ ഇന്ത്യയിലേക്ക് റഷ്യ പ്രതിദിനം 16.78 ലക്ഷം ബാരല്‍ എണ്ണയാണ് ഇറക്കുമതി ചെയ്തത്. ഇറാഖില്‍ നിന്നും 8.1 ലക്ഷം ബാരലും സൗദി അറേബ്യ 6.7 ലക്ഷം ബാരലും യു എ ഇ 1.85 ലക്ഷം ബാരലും യു എസ് 1.19 ലക്ഷം ബാരലുമാണ് ഇറക്കുമതി ചെയ്തത്. 2022 മാര്‍ച്ചില്‍ റഷ്യയില്‍ നിന്നും പ്രതിദിനം 68600 ബാരല്‍ ഇറക്കുമതി ചെയ്ത സ്ഥാനത്താണ് ഒരു വര്‍ഷത്തിനകം 16.78 ലക്ഷം ബാരലായി വര്‍ധിച്ചത്.