മാനന്തവാടി-മുപ്പതുകാരിയായ ആദിവാസി യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ തിരുനെല്ലി പോലീസ് കേസെടുത്തു. പനവല്ലി സ്വദേശി അജീഷിനെതിരെയാണ് കേസ്. മാനന്തവാടി ഡിവൈ.എസ്.പി പി.എൽ.ഷൈജുവിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം. പ്രതി ഒളിവിലാണ്.
കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് അജീഷ് യുവതിയെ വീട്ടിൽനിന്നു കൂട്ടിക്കൊണ്ടുപോയത്. രക്തസ്രാവത്തെത്തുടർന്ന് യുവതിയെ വെള്ളിയാഴ്ച രാവിലെ മാനന്തവാടി ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അജീഷാണ് ആശുപത്രിയിൽ യുവതിക്ക് കൂട്ടിരുന്നത്. തിങ്കളാഴ്ച ആശുപത്രിയിൽനിന്നു വിടുതൽ ചെയ്തശേഷമാണ് യുവതി പോലീസിൽ പരാതിപ്പെട്ടത്. പീഡനത്തിനും പട്ടികജാതി-വർഗക്കാർക്കെതിരായ അതിക്രമം തടയൽ നിയമം അനുസരിച്ചുമാണ് കേസ്.