ന്യൂദൽഹി- മണിപ്പൂരിൽ പലായനം ചെയ്തവരെ പുനരധിവസിപ്പിക്കുന്നതിനും ആരാധനാലയങ്ങൾ സംരക്ഷിക്കുന്നതിനും സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് സുപ്രീംകോടതി. മണിപ്പൂരിലെ പ്രതിസന്ധി മനുഷ്യത്വപരമായ വിഷയമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി ഏതെങ്കിലും ഒരു വിഭാഗത്തെ പട്ടിക ജാതി ആയോ പട്ടിക വർമായോ പ്രഖ്യാപിക്കേണ്ടത് രാഷ്ട്രപതിയാണെന്നും ഹൈക്കോടതി അല്ലെന്നും ചീഫ് ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഡ് വ്യക്തമാക്കി. സംഘർഷ സ്ഥലങ്ങളിൽ സമാധാനം പുനസ്ഥാപിക്കാനും ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പു വരുത്തുന്നതിലുമാണ് കോടതിയുടെ പ്രധാന ആശങ്ക. ജനങ്ങളുടെ ജീവനും സ്വത്തിലും ഉണ്ടായ നഷ്ടങ്ങളിൽ കോടതിക്ക് അത്യധികം ദുഖമുണ്ടെന്നും ചീഫ് ജസ്റ്റീസ് പറഞ്ഞു.
ക്യാമ്പുകളിൽ കഴിയുന്ന ജനങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പു വരുത്തണമെന്ന് കേന്ദ്രത്തിനും മണിപ്പൂർ സർക്കാരിനും കോടതി നിർദേശം നൽകി. മരുന്നും ഭക്ഷണവും അടക്കമുള്ള കാര്യങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. അടിയന്തര വൈദ്യസഹായം ആവശ്യമുള്ളവരെ സൈനിക ആശുപത്രികളിലേക്കോ മറ്റ് ആശുപത്രികളിലേക്കോ മാറ്റണം. വീടുകൾ വിട്ടു പലായനം ചെയ്യേണ്ടി വന്നവരെ പുനരധിവസിപ്പിക്കുന്നതിലാണ് ഏറ്റവും കൂടുതൽ പ്രാധാന്യം നൽകേണ്ടതെന്നും കോടതി നിർദേശിച്ചു.
മണിപ്പൂരിൽ കഴിഞ്ഞ രണ്ടു ദിവസങ്ങളായി അക്രമ സംഭവങ്ങളൊന്നും നടന്നിട്ടില്ലെന്നും സമാധാനാന്തരീക്ഷം തിരിച്ചു വരികയാണെന്നുമുള്ള കേന്ദ്ര സർക്കാരിന്റെ ഉറപ്പ് കണക്കിലെടുക്കുന്നുവെന്ന് സുപ്രീംകോടതി വ്യക്തമാക്കി. മണിപ്പൂരിലെ രക്ഷാപ്രവർത്തനത്തിന്റെയും പുനരധിവാസ പ്രവർത്തനങ്ങളുടെയും വിശദാംശങ്ങൾ നൽകാൻ സംസ്ഥാനത്തോടും കേന്ദ്രത്തോടും സുപ്രീം കോടതി ആവശ്യപ്പെട്ടു. കഴിഞ്ഞ രണ്ട് ദിവസമായി മണിപ്പൂരിൽ അക്രമങ്ങളൊന്നും നടന്നിട്ടില്ലെന്നും സംസ്ഥാനം സാധാരണ നിലയിലേക്ക് മടങ്ങുകയാണെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.
മെയ്‌തെയ് സമുദായത്തിന് പട്ടികവർഗ പദവി സംബന്ധിച്ച ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് ഭരണകക്ഷിയായ ബിജെപി എംഎൽഎ നൽകിയ ഹർജിയും മണിപ്പൂരിലെ അക്രമങ്ങളിൽ എസ്ഐടി അന്വേഷണത്തിനായി ഒരു ഗോത്രവർഗ സംഘടന സമർപ്പിച്ച പൊതുതാത്പര്യ ഹർജിയും പരിഗണിക്കവെയായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം. കുടിയിറക്കപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിനും ആരാധനാലയങ്ങൾ സംരക്ഷിക്കുന്നതിനും നടപടികൾ സ്വീകരിക്കണമെന്നും ജസ്റ്റിസുമാരായ പി എസ് നരസിംഹ, ജെ ബി പർദിവാല എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്ര സർക്കാരിനോട് പറഞ്ഞു. സംസ്ഥാനത്തെ സ്ഥിതിഗതികൾ നേരിടാൻ സ്വീകരിച്ച നടപടികളെക്കുറിച്ച് കേന്ദ്രത്തിനും സംസ്ഥാന സർക്കാരിനും വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചു.
മണിപ്പൂരിലെ അക്രമ ബാധിത പ്രദേശങ്ങളിൽ 52 കമ്പനി കേന്ദ്ര സായുധ പോലീസ് സേനയെയും സൈന്യത്തെയും അസം റൈഫിൾസ് സംഘത്തെയും വിന്യസിച്ചിട്ടുണ്ടെന്നും തുഷാർ മേത്ത പറഞ്ഞു. കഴിഞ്ഞയാഴ്ച നടന്ന അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ കർഫ്യൂവിന് ഇന്നലെ ഇളവ് നൽകിയെന്നും ഞായർ, തിങ്കൾ ദിവസങ്ങളിൽ അക്രമസംഭവങ്ങൾ ഉണ്ടായിട്ടില്ലെന്നും കേന്ദ്ര- സോളിസിറ്റർ ജനറൽ സുപ്രീം കോടതിയെ അറിയിച്ചു. എത്ര ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ടെന്നും എത്ര പേർ അവിടെ കഴിയുന്നുണ്ടെന്നും വാദം കേൾക്കുന്നതിനിടെ ബെഞ്ച് ചോദിച്ചു. അക്രമം മൂലം പലായനം ചെയ്ത ആളുകളെ കുറിച്ചും കോടതി ചോദിച്ചു. പലായനം ചെയ്തവർക്കായി ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് മേത്ത പറഞ്ഞു.
സംഘർഷബാധിത പ്രദേശങ്ങളിൽ ഫ്ളാഗ് മാർച്ചും സമാധാന യോഗങ്ങളും നടക്കുന്നുണ്ട്. ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥനെ സംസ്ഥാന സർക്കാർ സുരക്ഷാ ഉപദേഷ്ടാവായി നിയമിച്ചിട്ടുണ്ടെന്നും കേന്ദ്ര ഡെപ്യൂട്ടേഷനിലായിരുന്ന മറ്റൊരു ഉന്നത ഉദ്യോഗസ്ഥനെ മണിപ്പൂർ ചീഫ് സെക്രട്ടറിയായി സംസ്ഥാനത്തേക്ക് തിരിച്ചയച്ചിട്ടുണ്ടെന്നും മേത്ത പറഞ്ഞു. മണിപ്പൂരിലെ സ്ഥിതിഗതികൾ സംബന്ധിച്ച് ഒരാഴ്ചയ്ക്ക് ശേഷം പുതുക്കിയ തൽസ്ഥിതി വിവര റിപ്പോർട്ടുകൾ സമർപ്പിക്കാൻ സുപ്രീം കോടതി ആവശ്യപ്പെട്ട കോടതി ഹർജികൾ കൂടുതൽ വാദം കേൾക്കുന്നതിനായി മേയ് 17 ലേക്ക് മാറ്റി.