മദീന - ഈ വർഷത്തെ ഉംറ സീസണിൽ വിദേശ രാജ്യങ്ങളിൽനിന്നുള്ള ഉംറ തീർഥാടകർക്ക് വിസ അനുവദിക്കുന്ന അവസാന ദിവസം വെള്ളിയാഴ്ചയാണെന്ന് ഉംറ കാര്യങ്ങൾക്കുള്ള ഹജ്, ഉംറ മന്ത്രാലയ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി എൻജിനീയർ അബ്ദുൽ അസീസ് ദമൻഹൂരി പറഞ്ഞു.
വിദേശങ്ങളിലെ സൗദി എംബസികളിലും കോൺസുലേറ്റുകളിലും ഉംറ വിസക്കുള്ള അപേക്ഷകൾ സ്വീകരിക്കുന്ന അവസാന ദിവസം നാളെയാണ്. മറ്റന്നാൾ ഓഫീസ് സമയം അവസാനിക്കുന്നതു വരെ വിസകൾ അനുവദിക്കും. വിഷൻ 2030 പദ്ധതിയിൽ ഉൾപ്പെടുത്തി ഹജ്, ഉംറ മന്ത്രാലയം നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി ഉംറ വിസ സീസൺ ദീർഘിപ്പിച്ചിട്ടുണ്ട്. മുഹറം ഒന്നു മുതൽ ശവ്വാൽ അവസാനം വരെയാണ് ഇപ്പോൾ ഉംറ സീസൺ.
ശവ്വാൽ പതിനാലു (വ്യാഴാഴ്ച) വരെ ഉംറ വിസ അപേക്ഷകൾ സ്വീകരിക്കും. ശവ്വാൽ പതിനഞ്ചു വരെ എംബസികളും കോൺസുലേറ്റുകളും വിസകൾ അനുവദിക്കും. ശവ്വാൽ 29 വരെ തീർഥാടകർക്ക് സൗദിയിലേക്ക് പ്രവേശനം നൽകും. വിദേശങ്ങളിൽ നിന്ന് 70 ലക്ഷത്തോളം ഉംറ തീർഥാടകർ ഈ വർഷം ഇതുവരെ പുണ്യഭൂമിയിൽ എത്തിയിട്ടുണ്ട്. 110 ലേറെ രാജ്യങ്ങളിൽനിന്നുള്ള തീർഥാടകർക്ക് ഹജ്, ഉംറ മന്ത്രാലയം സേവനങ്ങൾ നൽകിയിട്ടുണ്ട്. വിദേശങ്ങളിൽനിന്നുള്ള ഉംറ തീർഥാടകർ 3500 ലേറെ വിദേശ ഏജൻസികളും ഓപറേറ്റർമാരും വഴിയാണ് പുണ്യഭൂമിയിൽ എത്തിയത്.
തീർഥാടകർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം നിരീക്ഷിക്കുന്നതിന് ഹജ്, ഉംറ മന്ത്രാലയത്തിനു കീഴിലെ ഫീൽഡ് സംഘങ്ങളും സർവീസ് സെന്ററുകളും ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിക്കുന്നു. ഈ വർഷം നിരവധി ഉംറ സർവീസ് കമ്പനികൾക്ക് മന്ത്രാലയം പുതുതായി ലൈസൻസ് നൽകിയിട്ടുണ്ട്. നിലവിൽ 400 ഓളം കമ്പനികൾ ഉംറ സർവീസ് മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. ഉംറ വിസ കാലാവധി അവസാനിക്കുന്നതിനു മുമ്പായി തീർഥാടകരെ സ്വദേശങ്ങളിലേക്ക് തിരിച്ചയക്കുന്നതിന് സർവീസ് കമ്പനികൾ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടെന്നും എൻജിനീയർ അബ്ദുൽ അസീസ് ദമൻഹൂരി പറഞ്ഞു.