കൊച്ചി- താനൂരില്‍ അപകടമുണ്ടാക്കിയ ബോട്ടിന്റെ ഉടമ നാസറിന്റെ വാഹനം എറണാകുളത്ത് പിടികൂടി. പോലീസിന്റെ വാഹന പരിശോധനയ്ക്കിടെയാണ് വാഹനം കിട്ടിയത്. നാസറിന്റെ ബന്ധുക്കളും വാഹനത്തില്‍ ഉണ്ടായിരുന്നു. പാലാരിവട്ടം പൊലീസ് വാഹന പരിശോധനയ്ക്കിടെയാണ് വാഹനം കസ്റ്റഡിയിലെടുത്തത്. നാസര്‍ എറണാകുളത്തെ ഏതെങ്കിലും സ്റ്റേഷനില്‍ കീഴടങ്ങിയേക്കും എന്നാണ് കരുതുന്നത്. വാഹനത്തിലുണ്ടായിരുന്ന നാല് ബന്ധുക്കളും ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. നാസറിനെതിരെ നരഹത്യാ കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇയാള്‍ ഇന്നലെ അപകടം നടന്നയുടന്‍ ഒളിവില്‍ പോയിരുന്നു.
അപകടത്തില്‍പെട്ട ബോട്ട്, മീന്‍പിടിത്ത ബോട്ട് രൂപ മാറ്റം നടത്തിയതെന്ന് ആരോപണമുണ്ട്. പൊന്നാനിയിലെ ലൈസന്‍സില്ലാത്ത യാര്‍ഡില്‍ വച്ചാണ് രൂപമാറ്റം നടത്തിയത്. ആലപ്പുഴ പോര്‍ട്ട് ചീഫ് സര്‍വേയര്‍ കഴിഞ്ഞ മാസം ബോട്ട് സര്‍വേ നടത്തി ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതായും സൂചനയുണ്ട്. ബോട്ടിന് ഫിറ്റ്നസ് നല്‍കുമ്പോള്‍ രൂപരേഖയുള്‍പ്പെടെ നിര്‍മാണത്തിന്റെ സകല വിവരങ്ങളും വ്യക്തമാക്കണമെന്നിരിക്കെയാണ് പോര്‍ട്ട് സര്‍വേയറുടെ പ്രാഥമിക പരിശോധന പൂര്‍ത്തിയാക്കിയതെന്നാണ് വിവരം.
രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായിരുന്നില്ല. ഇതിനു മുന്‍പാണ് ബോട്ട് സര്‍വീസിനിറങ്ങിയതെന്നും മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. മീന്‍പിടിത്ത ബോട്ട് ഒരു കാരണവശാലും രൂപമാറ്റം നടത്തി ഉല്ലാസ യാത്രയ്ക്ക് ഉപയോഗിക്കാന്‍ പാടില്ലാത്തതാണ്.
ഈ ബോട്ട് സര്‍വീസ് ആരംഭിക്കുമ്പോള്‍ തന്നെ ബോട്ടിന്റെ ഘടന കണ്ട് മത്സ്യത്തൊഴിലാളികള്‍, ഇത് വിനോദസഞ്ചാരത്തിന് ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് രണ്ട് നില ബോട്ടായിരുന്നു. വിനോദസഞ്ചാരത്തിന് ഉപയോഗിക്കുന്നതിനായി അടിഭാഗം ഫ്‌ളാറ്റായിട്ടായിരുന്നു വേണ്ടിയിരുന്നത്. എന്നാല്‍, ഈ ബോട്ടിന്റെ അടിഭാഗം മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന ബോട്ടിന് സമാനമായി റൗണ്ടിലാണ്. കൂടുതല്‍ ആളുകള്‍ കയറിയാല്‍, ഇത് ഒരു ഭാഗത്തേക്ക് ചരിഞ്ഞുപോകും. ഇതാണ് അപകടത്തിനിടയാക്കിയത്.