തിരുവനന്തപുരം - മദ്യലഹരിയിലായിരുന്ന സംഘം നഗരൂരില്‍ യുവാവിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തി. കിളിമാനൂര്‍ ചെങ്കിക്കുന്ന് കുറിയിടത്തുകോണം, ചരുവിള പുത്തന്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന പുഷ്‌കരന്‍ (45) ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാതി കുറിയേത്ത്‌കോണം മഠത്തിനു സമീപമാണ് സംഭവം. മദ്യലഹരിയിലായിരുന്ന യുവാക്കള്‍ മരിച്ച പുഷ്‌കരന്റെയും ബന്ധുവിന്റെയും സമീപത്തേക്ക് ഗ്ലാസ് വലിച്ചെറിഞ്ഞതിനെ തുടര്‍ന്നുള്ള വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. മരിച്ച പുഷ്‌കരനും മകന്‍ ശിവയും വാലന്‍ചേരിയിലുളള ബന്ധു വീട്ടില്‍ പോയശേഷം വീട്ടിലേയ്ക്ക് മടങ്ങി വരികയായിരുന്നു. ബൈക്ക് പാര്‍ക്ക് ചെയ്യുന്നതിനായി പുഷ്‌കരന്‍ കുറിയേടത്ത് മഠത്തിന് സമീപത്തേയ്ക്കും, മകന്‍ വീട്ടിലേക്കും പോയി. ഈ സമയം പുഷ്‌കരന്റെ ബന്ധു വേണുവും ഇവിടേക്ക് എത്തി. പുഷ്‌കരനും വേണുവും തമ്മില്‍ സംസാരിച്ച് നില്‍ക്കുമ്പോള്‍ ഇവരുടെ അടുത്തേക്ക് സമീപത്തിരുന്ന് മദ്യപിച്ചുകൊണ്ടിരുന്ന യുവാക്കള്‍ ഗ്ലാസ് എടുത്തെറിഞ്ഞു. ഇത് ചോദ്യം ചെയ്ത വേണുവും പുഷ്‌കരനും യുവാക്കളുമായി വാക്ക് തര്‍ക്കത്തിലേര്‍പ്പെട്ടു. ഇതില്‍ പ്രകോപിതരായ യുവാക്കള്‍ വേണുവിനെയും, പുഷ്‌ക്കരനെയും മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ പുഷ്‌കരന്‍ കുഴഞ്ഞു വീണതോടെ യുവാക്കള്‍ ഓടി രക്ഷപ്പെട്ടു . പുഷ്‌കരനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവവുമായി ബന്ധപ്പെട്ട് നഗരൂര്‍ കുറിയേടത്തു കോണം സ്വദേശി സുജിതിനെ(28) പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കൂടെ ഉണ്ടായിരുന്നവര്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി.