തിരുവനന്തപുരം- ശമ്പളം ഗഡുക്കളായി വിതരണം ചെയ്യുന്നതിനുള്ള മാനേജ്മെന്റ് തീരുമാനങ്ങള്‍ക്കെതിരെ കെ.എസ്.ആര്‍.ടി.സിയിലെ അംഗീകൃത തൊഴിലാളി സംഘടന കെ.എസ്.ടി.ഇ.എസ്(ബി.എം.എസ്) ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ പണിമുടക്ക് ആരംഭിച്ചു. പതിവ് സര്‍വീസുകളെ പണിമുടക്ക് കാര്യമായി ബാധിച്ചില്ല. . എന്നാല്‍ സമരം ദീര്‍ഘദൂര സര്‍വീസുകളെ ബാധിക്കും. കോര്‍പറേഷനില്‍ ഇതുവരെ നല്‍കിയത് ശമ്പളത്തിന്റെ ആദ്യ ഗഡു മാത്രമാണ്. സമരത്തെ നേരിടാന്‍ സര്‍ക്കാര്‍ മൂന്ന് ദിവസം ഡയസ്നോണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.എന്നാല്‍ ഡയസ്നോണ്‍ കൊണ്ട് പോരാട്ടത്തെ അടിച്ചമര്‍ത്താന്‍ കഴിയില്ലെന്നാണ് സംഘടനാ നേതാക്കള്‍ നല്‍കുന്ന മറുപടി.
യൂണിയന്‍ ഭേദമെന്യേ നടത്തുന്ന നിരന്തര പ്രക്ഷോഭങ്ങളെ അവഗണിച്ച് തൊഴിലാളി ദ്രോഹനടപടികളുമായി മുന്നോട്ടു പോകാനാകില്ല.ഒരു മാസം പണിയെടുത്താല്‍ എപ്പോള്‍ വേതനം കിട്ടുമെന്ന ആശങ്ക അവസാനിക്കണം. എട്ടു മണിക്കൂര്‍ ജോലി എട്ടു മണിക്കൂര്‍ വിശ്രമം എട്ടു മണിക്കൂര്‍ വിനോദം എന്നത് തൊഴിലാളികളുടെ അവകാശമാണെന്ന് പ്രഖ്യാപിച്ചവര്‍ നയം മാറിയതിന് തെളിവാണ് കെ.എസ്.ആര്‍.ടി.സിയിലെ 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി. കെ.എസ്.ആര്‍.ടി.സിയുടെ നിലനില്‍പ്പിന് വേണ്ടിയുള്ള സമരത്തില്‍ എല്ലാവരും പങ്കാളികളാകണമെന്നും സംഘടനാഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.