താനൂര്‍ - 22 പേരുടെ മരണത്തിന് ഇടയാക്കിയ താനൂര്‍ ബോട്ടപകടം നടന്ന സ്ഥലത്ത് ദേശീയ ദുരന്ത നിവാരണ സേനയുടെയും ഫയര്‍ ഫോഴ്‌സിന്റെയും നേതൃത്വത്തില്‍ ഇന്ന് പുലര്‍ച്ചെ തെരച്ചില്‍ പുനരാരംഭിച്ചു. എത്രപേര്‍ ബോട്ടില്‍ കയറിയെന്നതിനെ സംബന്ധിച്ച് എണ്ണം കൃത്യമല്ലാത്തതിനാല്‍ ഇനിയും കൂടുതല്‍ പേര്‍ അപകടത്തില്‍ പെട്ടിട്ടുണ്ടാകുമെന്ന സംശയത്തിലാണ് തെരച്ചില്‍ തുടരുന്നത്. പുഴയിലെ അടിയൊഴുക്ക് തെരച്ചിലിന് വിഘാതം സൃഷ്ടിക്കുന്നുണ്ട്. അടിയൊക്കുമൂലം അപകടത്തില്‍ പെട്ടവര്‍ ഇനി ആരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ ഒഴുകിപ്പോകാനുള്ള സാധ്യതയും തെരച്ചില്‍ സംഘം തള്ളിക്കളയുന്നില്ല. അപകടത്തില്‍ പെട്ടവരെയും മരിച്ചവരുടെയും മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞതോടെ ആരെയും കാണാതായത് സംബന്ധിച്ച് കൂടുതല്‍ പരാതികള്‍ ലഭിച്ചിട്ടില്ല. എങ്കില്‍ കൂടി സംശയത്തിന്റെ അടിസ്ഥാനത്തിലാണ് തെരച്ചില്‍ തുടരുന്നത്.