കൊച്ചി - സിനിമാ ഷൂട്ടിംഗ് സെറ്റുകളില്‍ ലഹരി പരിശോധന നടത്താന്‍ പോലീസിന്റെ തീരുമാനം. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ കെ. സേതുരാമനാണ് ഷൂട്ടിംഗ് സെറ്റുകളില്‍ പരിശോധന നടത്തുമെന്ന് വ്യക്തമാക്കിയത്. മലയാള സിനിമയില്‍ ലഹരി ഉപയോഗം വ്യാപകമാകുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. ഇനി മുതല്‍ സെറ്റുകളില്‍ ഷാഡോ പോലീസിന്റെ സാന്നിധ്യം ഉണ്ടാകും. വിഷയത്തില്‍ ഇതുവരെ ആരില്‍നിന്നും പരാതി ലഭിച്ചിട്ടില്ലെന്നും സിനിമാക്കാരുടെ തുറന്നുപറച്ചില്‍ ശ്രദ്ധയില്‍പ്പെട്ടതായും ഇത് സ്വാഗതാര്‍ഹമാണെന്നും സേതുരാമന്‍ പറഞ്ഞു. സിനിമാ വ്യവസായത്തെ ബാധിക്കുന്ന വിധത്തില്‍ പോലീസ് പ്രവര്‍ത്തിക്കില്ല, എന്നാല്‍ എല്ലാ സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനുകളിലും ഇനിമുതല്‍ ഷാഡോ പോലീസിന്റെ സാന്നിധ്യമുണ്ടാകും. ഇതിന് സിനിമാ രംഗത്തുനിന്നുള്ളവരുടെ തന്നെ പിന്തുണയുണ്ട്. ലഹരി ഉപയോഗവും അത് കടന്നു വരുന്ന വഴികളും വിശദമായിത്തന്നെ അന്വേഷിക്കുമെന്നും കമ്മിഷണര്‍ പറഞ്ഞു.