Sorry, you need to enable JavaScript to visit this website.

ക്ലാസ് മുറികളിൽ സ്‌നേഹമായും പ്രസംഗ വേദികളിൽ കനലായും...

കൊച്ചുന്നാൾ മുതൽ വീട്ടിലെ സ്ഥിരം അതിഥികളിൽ ഒരാളായിരുന്നു നബീസ ടീച്ചർ. പലപ്പോഴും ടീച്ചറുടെ ഭർത്താവും കൂടെക്കാണും. അച്ഛനും (തിരുനെല്ലൂർ കരുണാകരൻ) അമ്മയും ഞങ്ങളെല്ലാവരും കൂടി ടീച്ചറുടെ വീട്ടിലും പോയിട്ടുണ്ട്. അമ്മയും ഞാനും കൂടി എന്തെങ്കിലും ആവശ്യത്തിന് നെടുമങ്ങാട്ട് പോകുമ്പോഴൊക്കെ റോഡരികിലുള്ള ടീച്ചറുടെ വീട്ടിൽ കയറും. അമ്മയും ഞാനും കൂടി ചെന്നിട്ടുള്ളപ്പോൾ മിക്കപ്പോഴും ടീച്ചറും കൂടി ഞങ്ങളോടൊപ്പം തിരുവനന്തപുരത്തേക്ക് വരും.
ഞങ്ങൾ ടീച്ചറുടെ വീട്ടിൽ നിന്നിറങ്ങാൻ തുടങ്ങുമ്പോൾ ആകെ ഒരു ബഹളമാണ്. 'സായിബേ, സാറിന്റെ കാറിലെന്തൊക്കെ വെച്ചു? പോയി കുറച്ച് കപ്പ പിഴുതു കൊണ്ടുവാ, ഒരു കുലയിങ്ങു വെട്ടൂ.  പറയുന്നതു ഭർത്താവിനോടാണ്. എന്തും ചെയ്യാൻ തയാറായി ഭർത്താവ് നിൽക്കുന്നുണ്ടാകും. മലഞ്ചരക്കു വ്യാപാരിയായിരുന്നു അദ്ദേഹം. എം.എയ്ക്ക് അച്ഛന്റെ സഹപാഠിയായിരുന്നു ടീച്ചർ. വിവാഹം കഴിഞ്ഞായിരുന്നു എം.എ പഠനം. ഇളംകുളം സാറിന്റെയും കോന്നിയൂർ മീനാക്ഷിയമ്മ ടീച്ചറുടെയും നിർദേശം അനുസരിച്ച്, എല്ലാ ദിവസവും കോളേജിലെ ക്ലാസ് കഴിഞ്ഞുള്ള ഒന്നു രണ്ടു മണിക്കൂർ അച്ഛൻ ടീച്ചർക്ക് ക്ലാസെടുക്കുമായിരുന്നു. എല്ലാ ദിവസവും ടീച്ചറുടെ ഭർത്താവ് വന്നു കുട്ടിക്കൊണ്ടുപോവുകയായിരുന്നു പതിവ്. ആ കഥകൾ അച്ഛനും ടീച്ചറും പറയുമ്പോൾ താൽപര്യത്തോടെ നിശ്ശബ്ദനായി കേട്ടിരിക്കുന്ന ടീച്ചറുടെ ഭർത്താവിന്റെ മുഖം മറക്കാനാവില്ല.
ഭക്ഷണത്തിൽ വലിയ കമ്പമായിരുന്നു ടീച്ചർക്ക്. അവരുടെ വീട്ടിൽ എപ്പോഴും ഇറച്ചിയുണ്ടാകും. ഞങ്ങളുടെ വീട്ടിൽ മീനും. അവിടെ ചെല്ലുമ്പോൾ പല തരം ഇറച്ചി വിഭവങ്ങൾ കൊണ്ട് വീർപ്പുമുട്ടിക്കും. വീട്ടിൽ വരുമ്പോൾ മീൻ കഴിക്കാൻ വലിയ ഇഷ്ടമായിരുന്നു. ഒരിക്കൽ വലിയ ഒരു സ്രാവിനെ കിട്ടി വീട്ടിൽ. മുരളിയപ്പാപ്പനുമുണ്ടായിരുന്നു അന്ന്. എവിടെയോ മീറ്റിംഗ് കഴിഞ്ഞ് യാദൃഛികമായി നബീസ ടീച്ചറും വന്നു. അന്ന് എം.എൽ.എയായിരുന്നു ടീച്ചർ. ടീച്ചറും മുരളിയപ്പാപ്പനും ഞാനും കൂടി മത്സരിച്ച് മത്സരിച്ച് സ്രാവിന്റെ സിംഹഭാഗവും കഴിച്ചതോർക്കുന്നു. എന്തിനെയും തമാശയായിക്കണ്ട ടീച്ചർക്ക് എപ്പോഴും കൊച്ചുകുട്ടികളുടെ ഉന്മേഷമായിരുന്നു.
കോളേജ് അധ്യാപകയായിരിക്കേ ഇടതുപക്ഷ രാഷ്ട്രീയത്തോട് ആഭിമുഖ്യമുണ്ടായിരുന്നില്ല. അക്കാലത്ത് കോൺഗ്രസിനോടായിരുന്നു ചായ്‌വ്.  അതുപോലെ സി.എച്ച്. മുഹമ്മദ് കോയയുമായി അടുത്ത സൗഹൃദമുണ്ടായിരുന്നു. 1987 ൽ ശരീഅത്ത് വിവാദത്തിന്റെ പശ്ചാത്തലത്തിൽ വിദ്യാസമ്പന്നയായ ഒരു മുസ്‌ലിം സ്ത്രീയെ സ്ഥാനാർത്ഥിയാക്കാനുള്ള സി.പി.എം തീരുമാനത്തിന്റെ ഭാഗമായാണ് ടീച്ചർ സ്ഥാനാർത്ഥിയായത്. ഇ.എം.എസിന്റെയും കാട്ടായിക്കോണം ശ്രീധറിന്റെയും ശക്തമായ പിന്തുണയുണ്ടായിരുന്നു. മത്സരിക്കാൻ തീരുമാനിച്ചതിനു ശേഷം ഇടതുപക്ഷത്തിന്റെ ഉറച്ച വക്താവായി ടീച്ചർ മാറി.
അച്ഛന്റെ 80 ാം പിറന്നാൾ തിരുവനന്തപുരത്ത് ആഘോഷിക്കുന്ന സമയത്ത് പ്രസംഗിക്കുന്നവരുടെ കൂട്ടത്തിൽ നബീസ ടീച്ചറുടെയും പേരുണ്ടായിരുന്നു. വേദിയിൽ പേര് വിളിക്കാൻ എങ്ങനെയോ വിട്ടുപോയി. 'കരുണാകരൻ സാറിന്റെ മീറ്റിംഗിന് ഞാനല്ലാതെ ആരാണ് സംസാരിക്കേണ്ടത്'  എന്ന് ചോദിച്ച് അവർ
ബഹളം ്വവച്ചത് ഓർക്കുന്നു. നബീസ ടീച്ചറെക്കുറിച്ച് പറയുമ്പോൾ വലിയ, വലിയ കാര്യങ്ങളൊന്നുമല്ല, സ്‌നേഹ വാൽസല്യങ്ങളുടെ ഇത്തരം കൊച്ചുകൊച്ചു കാര്യങ്ങളാണ് ഓർമയിലേക്ക് തള്ളിക്കയറി വരുന്നത്.
പ്രിയപ്പെട്ട നബീസ ടീച്ചർക്ക് അന്ത്യാഞ്ജലി.

Latest News