ന്യൂദല്‍ഹി- എഐ ക്യാമറയില്‍ ഒരു തരത്തിലുള്ള അഴിമതിയും നടന്നിട്ടില്ലെന്നും ഇടപാടുമായി ബന്ധപ്പെട്ട് എന്തെങ്കിലും പാളിച്ചയുണ്ടെങ്കില്‍ തിരുത്തുമെന്നും ഗതാഗത മന്ത്രി ആന്റണി രാജു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ ഫയല്‍ കണ്ടത് മന്ത്രിസഭാ യോഗത്തില്‍ വെച്ചാണ്. മറ്റ് മന്ത്രിമാര്‍ കണ്ടത് പോലെയാണ് മുഖ്യമന്ത്രിയും ഈ ഫയല്‍ കണ്ടത്. എന്തിനാണ് മുഖ്യമന്ത്രിയെ വിവാദത്തിലേക്ക് വലിച്ചിഴക്കുന്നതെന്നും ഡല്‍ഹിയില്‍ മാധ്യമങ്ങളെ കണ്ട ആന്റണി രാജു ചോദിച്ചു. സംസ്ഥാനത്ത് എല്‍ഡിഎഫിനെ നയിക്കുന്ന നായകനാണ് മുഖ്യമന്ത്രി. അദ്ദേഹത്തെ താറടിച്ച് കാണിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്.
കെല്‍ട്രോണുമായാണ് ഗതാഗത വകുപ്പ് കരാര്‍ ഒപ്പിട്ടത്. കെല്‍ട്രോണും കമ്പനികളുമായി ഒപ്പിട്ട ഉപകരാറില്‍ ഗതാഗത വകുപ്പിന് ബന്ധമില്ല. മുഖ്യമന്ത്രിക്കെതിരെ ഒരു തെളിവുമില്ലെന്നും അദ്ദേഹം പറഞ്ഞു. കാമറ ഏപ്രില്‍ 20 മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടുണ്ട്. ബോധവല്‍കരണമെന്ന നിലയിലാണ് ഒരു മാസം പിഴ ഒഴിവാക്കി കൊടുത്തത്. മേയ് മുതല്‍ പിഴ ഈടാക്കി തുടങ്ങും. 12 വയസിന് താഴെയുള്ള ഒരു കുട്ടിയെ കൂടി ഇരുചക്ര വാഹനത്തില്‍ ഹെല്‍മെറ്റ് ധരിപ്പിച്ച് കൊണ്ടുപോകാന്‍ അനുവദിക്കണമെന്ന ആവശ്യം സംസ്ഥാനം 19-ാം തിയതി നടക്കുന്ന ഉന്നതതല യോഗത്തില്‍ കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ വെക്കും. മോട്ടോര്‍ വാഹന നിയമം മാറ്റാന്‍ സംസ്ഥാനത്തിന് അധികാരമില്ല. ഇക്കാര്യത്തില്‍ കേന്ദ്ര തീരുമാനം വരുന്നത് വരെ പിഴ ഒഴിവാക്കാനാവുമോയെന്ന് പരിശോധിക്കുമെന്ന് പറഞ്ഞ മന്ത്രി, രാജീവ് ഗാന്ധിയുടെ കാലത്ത് കൊണ്ടുവന്ന നിയമമാണിത്. കെഎസ്ആര്‍ടിസിയടക്കം സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വാഹനങ്ങള്‍ പുതിയ കേന്ദ്ര സ്‌ക്രാപ് പോളിസി അനുസരിച്ച് 15 വര്‍ഷം കഴിഞ്ഞാല്‍ പൊളിക്കണമെന്ന ചട്ടം മാറ്റണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.