(മഞ്ചേരി) മലപ്പുറം - പൊതു ചടങ്ങുകളിൽ ഈശ്വര പ്രാർത്ഥന ഒഴിവാക്കണമെന്ന് ഇടത് എം.എൽ.എ പി.വി അൻവർ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ സർക്കാർ നയപരമായ തീരുമാനമെടുക്കണമെന്നും നിയമസഭയിൽ ഈ വിഷയം ഉന്നയിക്കുമെന്നും അദ്ദേഹം അറിയിച്ചു. മഞ്ചേരിയിൽ പട്ടയമേളയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഈശ്വര വിശ്വാസികളും അല്ലാത്തവരും ഈ ചടങ്ങിലുണ്ട്. ദൈവവിശ്വാസം ഓരോരുത്തരുടെയും മനസ്സിലാണ്. പ്രാർത്ഥനാ സമയത്ത് കാലിനു സുഖമില്ലാത്ത ഒരാൾ എഴുന്നേറ്റുനിൽക്കാൻ ബുദ്ധിമുട്ടിയപ്പോൾ മറ്റൊരാളെ പിടിച്ചാണ് നിന്നത്. പ്രാർത്ഥന പോലുള്ള ഇത്തരം അനാവശ്യ ചടങ്ങുകൾ ഒഴിവാക്കിക്കൂടേയെന്നും എം.എൽ.എ ചോദിച്ചു. നിയമസഭയിൽ ഇക്കാര്യം ഉന്നയിക്കുമെന്നും അദ്ദേഹം അറിയിച്ചു.
മന്ത്രിമാരായ കെ രാജൻ, വി അബ്ദുറഹ്മാൻ എന്നിവരെ വേദിയിൽ ഇരുത്തിയായിരുന്നു നിലമ്പൂർ എം.എൽ.എയുടെ അഭിപ്രായ പ്രകടനം. മഞ്ചേരിയിൽ നടന്ന ചടങ്ങിൽ റവന്യൂ ജീവനക്കാരനാണ് പ്രാർത്ഥനാഗീതം ആലപിച്ചത്. മുനിസിപ്പൽ ടൗൺഹാളിൽ നടന്ന പട്ടയമേള മന്ത്രി കെ രാജൻ ദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു.