ജിദ്ദ - സുഡാന്‍ തലസ്ഥാനമായ ഖാര്‍ത്തൂമില്‍ സൗദി മിലിട്ടറി അറ്റാഷെ ആസ്ഥാനം റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സസ് പിടിച്ചടക്കിയതായി സുഡാന്‍ സൈന്യം അറിയിച്ചു. മിലിട്ടറി അറ്റാഷെ ആസ്ഥാനത്ത് 17 സൈനിക കവചിത വാഹനങ്ങള്‍ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സസ് വിന്യസിച്ചു. രാജ്യത്തെ നയതന്ത്ര കാര്യാലയങ്ങള്‍ക്കു നേരെയുള്ള റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സസ് ആക്രമണങ്ങള്‍ തുടരുകയാണ്. ഖാര്‍ത്തൂം അല്‍റിയാദ് ഡിസ്ട്രിക്ടില്‍ സ്ഥിതി ചെയ്യുന്ന സൗദി മിലിട്ടറി അറ്റാഷെ ആസ്ഥാനം റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സസ് അംഗങ്ങള്‍ പിടിച്ചടക്കി. ആര്‍.എസ്.എഫ് വെടിനിര്‍ത്തല്‍ ലംഘിക്കുന്നത് തുടരുകയാണ്.
പശ്ചിമ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള, സുഡാനികളല്ലാത്ത കൂലിപ്പട്ടാളക്കാരുടെ സേവനം ആര്‍.എസ്.എഫ് പ്രയോജനപ്പെടുത്തുന്നു. ഇതിന്റെ ഫലമായി വീടുകളുടെ പവിത്രത ലംഘിക്കുക, പൊതു, സ്വകാര്യ സ്വത്ത് കൊള്ളയടിക്കുക, രാജ്യത്തെ സുപ്രധാന സ്ഥാപനങ്ങള്‍ നശിപ്പിക്കുക, അട്ടിമറിക്കുക തുടങ്ങിയ സുഡാന്‍ ജനതയുടെ മൂല്യങ്ങള്‍ക്കും ആചാരങ്ങള്‍ക്കും വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ ആര്‍.എസ്.എഫ് നടത്തുന്നു. സിവിലിയന്‍ വാഹനങ്ങള്‍ അവര്‍ ഉപയോഗിക്കുന്നതായും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇവ പൗരന്മാരില്‍ നിന്ന് ആര്‍.എസ്.എഫ് കവര്‍ന്നതാണെന്നാണ് സംശയിക്കുന്നതെന്നും സുഡാന്‍ സൈന്യം പറഞ്ഞു.
ദിവസങ്ങള്‍ക്കു മുമ്പ് ഖാര്‍ത്തൂമിലെ സൗദി കള്‍ച്ചറല്‍ അറ്റാഷെ ആസ്ഥാനത്തിനു നേരെ ഒരു കൂട്ടം സായുധധാരികള്‍ ആക്രമണം നടത്തുകയും കെട്ടിടത്തിലെ സി.സി.ടി.വി സംവിധാനവും ഉപകരണങ്ങളും നശിപ്പിക്കുകയും വസ്തുവകകള്‍ കൊള്ളയടിക്കുകയും ചെയ്തിരുന്നു.